പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്‍റിനായി വിവിധ പദ്ധതികള്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുള്ളതായി പ്രതിനിധികള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് മൂന്ന് കോടി രൂപ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കമ്പനിയുടെ ജോയിന്റ് സിഎംഡിമാരായ ഹേമന്ത് റോക്കഡെ, നാരമ്പുനാഥന്‍, കമ്പനി സെക്രട്ടറി ജയശ്രീ നായര്‍, കേരള ഓപ്പറേഷന്‍സ് ഹെഡ് ജോണ്‍ ഫിലിപ്പ്, തിരുവനന്തപുരം ഡെപ്യൂട്ടി മാനേജര്‍ കൃഷ്ണപ്രസാദ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള മൂന്ന് കോടി രൂപയുടെ ചെക്ക് മന്ത്രി ഇ പി ജയരാജന് കൈമാറി. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റിനായി വിവിധ പദ്ധതികള്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുള്ളതായി പ്രതിനിധികള്‍ അറിയിച്ചു.

ഇതുവരെ പ്രളയവുമായി ബന്ധപ്പെട്ട് ലഭിച്ച 7380 ക്ലെയിമുകളില്‍ 491 എണ്ണം തീര്‍പ്പാക്കിക്കഴിഞ്ഞു. 35 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കി. ബാക്കിയുള്ള ക്ലെയിമുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകം നോഡല്‍ ഓഫീസുകള്‍ തുറക്കുകയും കേരളത്തിന് പുറത്തുനിന്നുള്ളവര്‍ അടക്കമുള്ള സര്‍വേയര്‍മാരുടെ പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നഷ്ടങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് എന്നിവ വേണമെന്നത് പോലെയുള്ള നിരവധി നിബന്ധനകള്‍ ഒഴിവാക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. ക്ലെയിമുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.