Asianet News MalayalamAsianet News Malayalam

നിസാന്‍ മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ അറസ്റ്റില്‍

സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടര്‍ ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരെ രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു. 

Nissan chairman Carlos Ghosns arrested
Author
Japan, First Published Nov 19, 2018, 9:08 PM IST

ടോക്യോ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റില്‍. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് കാര്‍ലോസിനെതിരായ ആരോപണം. നിസാന്‍ കമ്പനിയെ കടക്കെണിയില്‍ നിന്ന് കരകയറ്റിയ ചെയര്‍മാനാണ് കാര്‍ലോസ്. 

അദ്ദേഹത്തിന്‍റെ അറസ്റ്റ് വാര്‍ത്ത ജപ്പാനിലെ ഓട്ടോമൊബൈല്‍ വ്യവസായ രംഗം ഞെട്ടലോടെയാണ് ശ്രവിച്ചത്.  സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടര്‍ ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരെ രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു. 

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കമ്പനിയുടെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും മറ്റ് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കാര്‍ലോസിനേയും ഗ്രെഗ് കെല്ലിയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ ഹിരോതോ സൈകാവ അറിയിച്ചു.

 ഇക്കാര്യം കമ്പനി ഡയറക്ടര്‍ ബോര്‍ഡിനോട് ആവശ്യപ്പെടും. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ ചെയര്‍മാനും സി.ഇ.ഒയും കൂടിയാണ് കാര്‍ലോസ്. നിസാനില്‍ നിന്നുള്ള കാര്‍ലോസിന്‍റെ പുറത്താകല്‍ ഇരു കമ്പനികളുടെയും സഹകരണത്തെ ബാധിക്കും. കാര്‍ലോസ് നേരിട്ട് ഇടപെട്ടാണ് നിസാന്‍-റിനോള്‍ട്ട് സഹകരണത്തിന് ധാരണയായിരുന്നത്.

Follow Us:
Download App:
  • android
  • ios