ചൊവ്വാഴ്ച റെക്കോര്‍ഡ് പിന്നിട്ട ഇന്ധന വിലയിൽ പിന്നീട് മാറ്റം വന്നിട്ടില്ല
ദില്ലി: രാജ്യത്ത് ആറ് ദിവസമായി ഇന്ധനവിലയിൽ മാറ്റമില്ല. കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിദിന വിലമാറ്റം തത്കാലത്തേക്ക് റദ്ദാക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.
സംസ്ഥാനത്ത് സർവകാല റെക്കോഡിലാണ് പെട്രോൾ-ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 78.61 രൂപയാണ് വില. ഡീസലിന് 71.52 രൂപയും. കഴിഞ്ഞ ചൊവ്വാഴ്ച റെക്കോര്ഡ് പിന്നിട്ട ഇന്ധന വിലയിൽ പിന്നീട് മാറ്റം വന്നിട്ടില്ല. വില കുത്തനെ ഉയർന്നതോടെ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകാതിരിക്കാൻ പ്രതിദിന വിലമാറ്റം തത്കാലത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്രം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ സർക്കാരോ എണ്ണക്കമ്പനികളോ തയ്യാറായിട്ടില്ല. ഈ മാസം 16 മുതൽ 19 വരെയും എണ്ണക്കമ്പനികൾ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
കഴിഞ്ഞ വർഷം ജൂൺ 16 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ പ്രതിദിന മാറ്റം കൊണ്ടുവന്നത്. അന്ന് പെട്രോളിന് 65.61 രൂപയും ഡീസലിന് 57.17 രൂപയുമായിരുന്നു. പിന്നീടുള്ള 10 മാസം കൊണ്ട് പെട്രോളിന് 13 പൈസയും ഡീസലിന് 14.35 രൂപയും കൂടി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധനവില കൂടാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. ആഗോള വിപണിയിൽ ബാരലിന് 40 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 75 ഡോളറിലാണ് വ്യാപാരം.
