ദില്ലി: നോട്ട് നിരോധനത്തിലൂടെ കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച 1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിലൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞയാഴ്ച പുതിയ 200 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഇതിന്റെ അച്ചടി തുടങ്ങാനുള്ള അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നും ഉന്നത ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ഇന്ന് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 500 രൂപയ്ക്ക് ശേഷം 2000 രൂപയുടെ മാത്രം നോട്ടുകളേ ഉണ്ടാകൂ എന്നുള്ളത് വിപണിയില്‍ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് വാര്‍ത്ത പ്രചരിച്ചത്.
