പ്രവാസികളല്ലാത്തവര്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലാവധി ഇന്ന് അവസാനിക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ കൈവശമുള്ള 500ന്റെയും 1000ന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലവധിയാണ് ഇന്ന് തീരുന്നത്. ഇന്ന് വൈകുന്നേരത്തിനകം മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളിലെത്തി നിരോധിച്ച 500ന്റെയും 1000ന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാം. അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ട് മാറ്റാനുള്ള കാലാവധി ജൂണ്‍ 30 വരെ തുടരും. നിരോധിച്ച 500, 1000 രൂപാ നോട്ടുകള്‍ പത്ത് എണ്ണത്തില്‍ കൂടുതല്‍ നാളെ മുതല്‍ കൈവശം വച്ചാല്‍ പൊലീസ് കേസെടുക്കും.