എന്‍ഡിഎ സര്‍ക്കാര്‍ വില നിയന്ത്രണം പൂര്‍ണ്ണമായും എണ്ണക്കമ്പനികള്‍ക്ക് കൈമാറി കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ എണ്ണവില രാജ്യത്ത് ഉയര്‍ന്നില്ല ആഭ്യന്തരമായി കൈക്കൊണ്ട തീരുമാനമെന്ന് എണ്ണക്കമ്പനികള്‍

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പത്തൊമ്പത് ദിവസം എണ്ണവില കൂടാതെയിരിക്കുക, അതിന് ശേഷം വലിയ തോതില്‍ കൂടുക, ഒടുവില്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് അത് മുന്നേറുക. ഇന്ത്യ മുഴുവനും ഇപ്പോഴുളള പ്രധാന ചര്‍ച്ച വിഷയമാണിത്.

പെട്രോള്‍ വില തിരുവനന്തപുരത്ത് ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണിപ്പോള്‍. ഡീസല്‍ വില 75 അടുത്തെത്തി നില്‍ക്കുന്നു. "ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ദിവസവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുളള അനുവാദം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ എണ്ണവില അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നതിനനുസരിച്ച് ഉയര്‍ത്തേണ്ട എന്നത് ഞങ്ങളുടെ ആദ്യന്തര തീരുമാനമായിരുന്നു. വില കുറയുമെന്ന് തന്നെ ഞങ്ങള്‍ കരുതി പക്ഷേ കുറഞ്ഞില്ല". കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ രാജ്യത്തെ പെട്രോളിയം വില ഉയര്‍ത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗിന്‍റെ മറുപടി ഇതായിരുന്നു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കെട്ടിക്കയറിയ നാളുകളിലും അതിന് ശേഷവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പടിപടിയായി ഉയരുകയായിരുന്നു. ക്രൂഡിന്‍റെ വില ഇന്ന് ബാരലിന് 80 ഡോളറിന് മുകളിലാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നപ്പോഴും പെട്രോള്‍ വില 75ന് അടുത്ത് നിന്നിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരണത്തിലിരിക്കേ ഒരു ഘട്ടത്തില്‍ ക്രൂഡിന്‍റെ വില ബാരലിന് 150 ഡോളറിനടുത്ത് എത്തിയിരുന്ന സമയത്ത് പോലും ഇന്ത്യയില്‍ ഇത്രയും ഉയര്‍ന്ന എണ്ണവില അനുഭവപ്പെട്ടിരുന്നില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കിയിരുന്നതിനാലാണ് ഇത് സാധ്യമായിരുന്നത്. 

എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ വില നിയന്ത്രണ സംവിധാനം പൂര്‍ണ്ണമായും പെട്രോളിയം കമ്പനികള്‍ക്ക് കൈമാറി. 2017 ജൂണ്‍ 16 മുതല്‍ ഇന്ധന വില ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ തങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം ചേര്‍ന്നു പോകുന്നത് അറിയുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് ലിറ്ററിന് 9.48 രൂപയില്‍ നിന്ന് 21.48 രൂപയിലേക്കാണ്. ഡീസലിന് അത് ലിറ്ററിന് 3.56 രൂപയില്‍ നിന്ന് നാല് തവണയോളം വര്‍ദ്ധിപ്പിച്ച് 17.33 രൂപയിലെത്തിച്ചു. അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച എക്സൈസ് ഡ്യൂട്ടിയും അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില വര്‍ദ്ധിപ്പിച്ചു കൊള്ളാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയതുമാണ് എണ്ണവില യാതെരു പിടിയും തരാതെ മുന്നേറാനിടയാക്കിയത്. 

എന്നാല്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പ് നടപടികള്‍ നീണ്ടുനടന്ന 19 ദിവസങ്ങളില്‍ ഇന്ധന വില ചലനമില്ലാതെ നിന്നു. ഈ സമയങ്ങളിലും ക്രൂഡിന് വില രാജ്യത്തിന് പുറത്ത് കൂടുകയായിരുന്നു. എക്സൈസ് നികുതിക്ക് ഒരു തരത്തിലുളള ചലനവും ഇക്കാലയിളവില്‍ ഉണ്ടായിട്ടുമില്ല. ഇന്ത്യയിലെ എണ്ണ വ്യാപാരം ഇപ്പോഴും നിയന്ത്രിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനികളാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് രാജ്യത്തെ എണ്ണവ്യാപാരത്തിന്‍റെ സിംഹഭാഗവും നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ വില വര്‍ദ്ധിപ്പിക്കരുതെന്ന യാതെരു നിര്‍ദ്ദേശവും നല്‍കിയതായി എണ്ണക്കമ്പനികള്‍ പറയുന്നില്ല. ഞങ്ങള്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തുയെന്ന് മാത്രമാണ് എണ്ണക്കമ്പനികളുടെ വാദം.

പൊതുമേഖല എണ്ണക്കമ്പനികളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പെട്രോളിയം മന്ത്രാലയത്തിന്‍റെ കൈവശമാണ് നിലനിറുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി കര്‍ണ്ണാടകയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി പെട്രോളിയം വില ഉപയോഗിച്ച് ശ്രമം നടത്തിയെന്ന് ആരോപണവുമായി മുന്നോട്ടു വന്നുകഴിഞ്ഞു. വില നിയന്ത്രണത്തിനായി ശക്തമായ ഫോര്‍മുല ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ നേതൃത്വത്തില്‍ ഇതിനുളള ശ്രമങ്ങള്‍ നടന്നുവരുന്നതായാണ് ലഭിക്കുന്ന സൂചന. ഉയര്‍ത്തിയ എക്സൈസ് നികുതികള്‍ കുറയ്ക്കുകയും വില നിയന്ത്രണത്തിന് ശക്തമായ സംവിധാനം കൊണ്ടുവരുകയോ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്ത് പരിഹാര ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ സാമൂഹ്യജീവിതവും വ്യവസായിക പുരോഗതിയും പ്രതിസന്ധിയിലാവും.