പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന ഇളവ് വെട്ടിച്ചുരുക്കി. പഴയ 500 രൂപ നോട്ടുകള്‍ നാളെ വരെ മാത്രമേ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റുകള്‍ക്കും ഉപയോഗിക്കാനാവൂ. ഡിസംബര്‍ 15 വരെ പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കാമെന്നായിരുന്നു റിസര്‍വാ ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആശുപത്രികളില്‍ തുടര്‍ന്നും പഴയ 500 രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും.

1000 രൂപാ നോട്ടുകള്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ 500 രൂപാ നോട്ടുകള്‍ ആ മാസം 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. പെട്രോള്‍ പമ്പുകള്‍ വഴി 500 രൂപാ നോട്ടുകളിലുള്ള കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതും റദ്ദാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതനുസരിച്ച്  മറ്റെന്നാള്‍ മുതല്‍ പഴയ 500 രൂപാ നോട്ടുകള്‍ ഇനി സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.