ദില്ലി: രാജ്യത്ത് കഴിഞ്ഞ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിന് വന്‍ വരുമാനമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കണക്കില്‍ പെടാത്ത പണത്തില്‍ നിന്ന് നികുതിയായി 6000 കോടിയാണ് കേന്ദ്ര സര്‍ക്കാറിന് ഇതുവരെ ലഭിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ജസ്റ്റിസ് അരിജിത് പസായത് വ്യക്തമാക്കി. സംശയാസ്പദമായ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ആദായ നികുതി വകുപ്പ് അയച്ചിട്ടുള്ള നോട്ടീസുകളിന്മേല്‍ വിശദീകരണം തേടുന്നത് ഇപ്പോഴും തുടരുന്നതിനാല്‍ തുക ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.

നോട്ട് പിന്‍വലിക്കലിന് ശേഷം സ്വന്തം അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ അക്കൗണ്ടിലേക്കോ വലിയ തുക നിക്ഷേപിച്ചവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതില്‍ 50 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ച 1092 പേര്‍ ഇനിയും നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. വലിയ നിക്ഷേപം നടത്തിയവര്‍ക്ക് അതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട ബാധ്യതയും ഉണ്ടെന്ന് അരിജിത് പസായത് വ്യക്തമാക്കി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പെട്ടെന്ന് വന്‍ തോതില്‍ നിക്ഷേപം എത്തിയതും നിരീക്ഷിക്കുന്നുണ്ട്. ഏറെ സമയവും മനുഷ്യാധ്വാനവും ആവശ്യമാണെങ്കിലും എല്ലാ അക്കൗണ്ടുകളും കര്‍ശനമായി നിരീക്ഷിച്ച് കള്ളപ്പണം കണ്ടെത്താന്‍ തന്നെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

അതിനിടെ കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തി പിഴയും നികുതിയും അടച്ച് രക്ഷപെടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയും നിരവധി പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് സംബന്ധിച്ച അന്വേഷണവുമായി ബാങ്ക് ശാഖകളില്‍ എത്തുന്നവര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.