പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. ആദ്യത്തെ രണ്ട് കുട്ടികളെ പ്രസവിക്കുന്നതിനായിരിക്കും 26 ആഴ്ച അവധി ലഭിക്കുക. മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ചയായിരിക്കും അവധി കിട്ടുന്നത്. ഇത് നിയമമാക്കിക്കൊണ്ടുള്ള പ്രസവ ആനുകൂല്യ (ഭേദഗതി) നിയമം 2016 ആണ് ഇന്ന് ലോക്സഭ പാസ്സാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രസവ അവധി അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. കാനഡ 50 ആഴ്ചയും നോര്‍വെ 44 ആഴ്ചയുമാണ് പ്രസവ അവധി അനുവദിക്കുന്നത്. വനിതാ ദിനത്തിന് പിന്നാലെ സ്ത്രീകള്‍ക്കുള്ള സമ്മാനമാണ് പുതിയ നിയമമെന്നായിരുന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞത്. ബില്ലിന്മേല്‍ നാലര മണിക്കൂറിലേറ ചര്‍ച്ചയാണ് ലോക്സഭയില്‍ നടന്നത്. അണുകുടുംബങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ക്കും പ്രസവാവധി നല്‍കണമെന്ന് ചില എം.പിമാര്‍ വാദിച്ചു.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അണ്ഡം നല്‍കുന്ന സ്ത്രീകള്‍ക്കും 12 ആഴ്ച വീതം അവധി നല്‍കണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 50 ജീവനക്കാരിലധികമുള്ള സ്ഥാപനങ്ങള്‍ കുട്ടികളെ സംരക്ഷിക്കുന്നതിനായി ക്രഷ് സൗകര്യം ഒരുക്കണം. ജോലിക്കിടയിലുള്ള വിശ്രമ സമയം ഉള്‍പ്പെടെ ദിവസം നാല് തവണ ക്രഷില്‍ പോയി കുട്ടികളെ പരിചരിക്കാനുള്ള സമയം അനുവദിക്കണം. ജോലിയുടെ സ്വഭാവം അനുവദിക്കുമെങ്കില്‍ പ്രസവശേഷം സ്ത്രീയെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കാം. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായതിനാല്‍ നിയമം യഥാവിധി നടപ്പാകുമെന്ന് സംസ്ഥാനങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നിയമം വന്നതോടെ ആറ് മാസം ജോലി ചെയ്യാതെ ശമ്പളം നല്‍കേണ്ടി വരുന്നതിനാല്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ സ്വകാര്യ മേഖല വിമുഖത കാണിക്കുമെന്ന് കോണ്‍ഗ്രസ് എം.പി സുസ്മിത ദേവ് ആരോപിച്ചു.
