പേടിഎം പോലെയുളള ഓണ്‍ലൈന്‍ വാലറ്റുകളില്‍ ആധാര്‍ ലിങ്ക് ചെയ്തവരും അവ ഡീ ലിങ്ക് ചെയ്യുന്നതിനെപ്പറ്റി ആലേചിച്ച് വരുകയാണ്

ദില്ലി: ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ശ്രദ്ധേയ വിധിയിലൂടെ ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ഈ വാലറ്റുകള്‍ ഉപയോഗിക്കാനും ആധാര്‍ നമ്പര്‍ ആവശ്യമില്ല എന്ന അവസ്ഥ വന്നു. ആധാര്‍ നമ്പര്‍ ആവശ്യമില്ലാതായതോടെ നിലവില്‍ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ ഫോണുമായും ഈ വാലറ്റുകളുമായി ബന്ധിപ്പിച്ചവര്‍ അവ എങ്ങനെ നീക്കം ചെയ്യാമെന്ന ആലേചനയിലായി. 

പേടിഎം പോലെയുളള ഓണ്‍ലൈന്‍ വാലറ്റുകളില്‍ ആധാര്‍ ലിങ്ക് ചെയ്തവരും അവ ഡീ ലിങ്ക് ചെയ്യുന്നതിനെപ്പറ്റി ആലേചിച്ച് വരുകയാണ്. പേടിഎമ്മില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തവര്‍ക്ക് അത് വളരെ എളുപ്പത്തില്‍ ഡീ ലിങ്ക് ചെയ്യാവുന്നതാണ്. 

ആധാര്‍ ഡീലിങ്ക് ചെയ്യുന്നതിനായി പേടിഎമ്മിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം. 01204456456 എന്നതാണ് കസ്റ്റമര്‍ കെയര്‍ നമ്പര്‍. ഭാഷ തെരഞ്ഞെടുത്ത ശേഷം രണ്ട് അമര്‍ത്തി കെവൈസി അന്വേഷണങ്ങളിലേക്കെത്തുക. നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പരിന്‍റെ കെവൈസി വിവരങ്ങളാണ് അറിയേണ്ടതെങ്കില്‍ വീണ്ടും ഒന്ന് അമര്‍ത്തുക. മറ്റേതെങ്കിലും നമ്പരിന്‍റെ കെവൈസിയാണ് അറിയേണ്ടതെങ്കില്‍ രണ്ട് അമര്‍ത്തുക, ശേഷം ആ ഫോണ്‍ നമ്പരും. അതിന് ശേഷം ഒന്നമര്‍ത്തി കസ്റ്റമര്‍ കെയറിലെത്തുക.

ഇനി നിങ്ങളുടെ പേടിഎം പാസ്കോഡ് നല്‍കുക. ശേഷം ഒന്‍പത് അമര്‍ത്തി കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിനോട് ആധാര്‍ നമ്പര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുക. കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് നിങ്ങളുടെ ഐഡന്‍റിറ്റി വേരിഫൈ ചെയ്ത്, സംസാരിക്കുന്നത് നിങ്ങള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആധാര്‍ നമ്പര്‍ നീക്കം ചെയ്യും. 

ഇതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ അയ്ക്കാനായി പേടിഎമ്മിന്‍റെ ഔദ്യോഗിക ഇ- മെയില്‍ വരും. നിങ്ങളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനായിട്ടാണ് ഇങ്ങനെയൊരു മെയില്‍ പേടിഎം അയ്ക്കുന്നത്.

നിങ്ങള്‍ ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ അയ്ക്കുന്നതോടെ നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ പിന്‍വലിക്കാനുളള നടപടികള്‍ തുടങ്ങിയതായുളള കണ്‍ഫര്‍മേഷന്‍ മെയില്‍ കമ്പനി അയ്ക്കും. ശേഷം, 72 മണിക്കൂറുകള്‍ക്കകം നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഡീ ലിങ്ക് ചെയ്യല്‍ പൂര്‍ത്തിയാവും. ആധാര്‍ ഡീ ലിങ്കിങ് പൂര്‍ത്തിയാവുന്നതോടെ നിങ്ങള്‍ക്ക് പേടിഎമ്മില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയായതായി ഇ -മെയില്‍ ലഭിക്കും.