ചെന്നൈ: വിഷം വേണ്ടെന്ന് തമിഴ്‌നാട് ഒറ്റക്കെട്ടായി തീരുമാനിച്ചതോടെ ഇന്നു മുതല്‍ സംസ്ഥാനത്ത് കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. വ്യാപാരി വ്യവസായ സംഘടനകളുടെ സംയുക്ത തീരുമാനത്തെ തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ ഈ പാനീയങ്ങള്‍ ഒഴിവാക്കുമെന്ന് അറിയിച്ചു. 15 ലക്ഷം വ്യാപാരികള്‍ അംഗമായ സംഘടനയെടുത്ത തീരുമാനത്തിന് എല്ലാവരും പിന്തുണ അറിയിച്ചു.

കടുത്ത വരള്‍ച്ചയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍, ജലം ഊറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കുന്ന് തടയുകയെന്ന വലിയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൊക്കകോള, പെപ്‌സി തുടങ്ങിയവ മാരക വിഷാംശമുള്ളതാണെന്നു കണ്ടെത്തിയിട്ടുമുള്ളതിനാല്‍ ഇവയുടെ വില്‍പ്പന കുറ്റകരമാണെന്നും വ്യവസായികളുടെ നിലപാട്.

ചെന്നൈ മലയാളി വ്യാപാരികളുടെ കൂട്ടായ്മയും ഈ തീരുമാനത്തിന് പിന്തുണ നല്‍കി. തീരുമാനം ലംഘിച്ച് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജെല്ലിക്കെട്ട പ്രക്ഷോഭത്തിനിടെ ഇവ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പെപ്‌സി, കൊക്കകോള എന്നിവയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതും, മാരക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതും ജനങ്ങളിലേയ്ക്ക് എത്തിക്കാനും ഇത് സഹായിക്കും.