ദില്ലി: രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി. വാണിത്യ തലസ്ഥാനമായ മുബൈയിൽ പെട്രോൾ വില 80 രൂപക്ക് മുകളിലാണ്. 80 രൂപ 30 പൈസയാണ് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസൽ വില 67.50 രൂപയാണ്. രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള നഗരവും മുംബൈയാണ്.

രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍-ഡീസല്‍ വില 2014 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് ഇന്നലെ ലിറ്ററിന് 72.38 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് അഞ്ചു പൈസ വര്‍ധിച്ച് 76.32.പൈസയായി.ഡീസലിന് 19 പൈസ കൂടി 68.80 രൂപയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 5 പൈസ കൂടി 75.11 രൂപയിലെത്തിയപ്പോള്‍ ഡീസലിന് 20 പൈസ കൂടി 67.66 രൂപയാണ്. കോഴിക്കോട് പെട്രോൾ വില അഞ്ചു പൈസ വര്‍ധിച്ച് 75 രൂപ 36 പൈസയും ഡീസൽ വില 19 പൈസ വര്‍ധിച്ച് 67 രൂപ 92 പൈസയുമാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 70 ഡോളറിനടുത്താണ്. ഒപെക് രാജ്യങ്ങളും റഷ്യയും ഈ വര്‍ഷം അവസാനിക്കും വരെ ഉൽപാദനം വര്‍ധിപ്പിക്കാനിടയില്ല. അതിനാല്‍ അസംസ്കൃത എണ്ണവില ഇക്കൊല്ലം ഇനിയും ഉയരുമെന്ന് രാജ്യാന്തര ഏജന്‍സികളും പ്രവചിക്കുന്നു. ഈ നിലയ്ക്ക് ദിവസേന നിരക്ക് നിശ്ചയിക്കുന്നത് തുടര്‍ന്നാല്‍ പെട്രോള്‍ ലീറ്ററിനു വൈകാതെ 100 കടക്കുമെന്നാണ് അനുമാനം