ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡീലര്‍മാരുടെ സംഘടനകളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെ ചര്‍ച്ചക്ക് വിളിച്ചു. 

മാസത്തില്‍ രണ്ടു തവണ പെട്രോള്‍, ഡീസല്‍ വില അവലോകനം ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ മാസം 16 മുതല്‍ രാജ്യാന്തര വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ദിവസേന മാറ്റം വരുത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിക്കുകയായിരന്നു. ഇതനുസരിച്ച് ദിവസവും അര്‍ധരാത്രി 12 മണിക്ക് കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനം വഴി വില പുതുക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ഇത് ഒട്ടും പ്രയോഗികമല്ലെന്ന് ഡീലര്‍മാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പമ്പുകളിലും ഓട്ടോമേഷന്‍ സംവിധാനമില്ല. ഉള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പുതിയ വില അടയാളപ്പെടുത്താന്‍ ഏറെ സമയമെടുക്കും. രാജ്യത്തെ 70 ശതമാനം പമ്പുകളും ദേശീയപാതയോരത്താണുള്ളത്. സ്വര്‍ണ വ്യാപാരം പോലെ പെട്രോള്‍ മേഖലയെ കാണരുതെന്ന് ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്ലാ ദിവസവും അര്‍ധരാത്രി ഡീലര്‍മാര്‍ പെട്രോള്‍ പമ്പുകളില്‍ പോയി വില മാറ്റുന്നത് മനുഷ്യസാധ്യമല്ലെന്നാണ് പെട്രോളിയം ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം ഒരു കൃത്യമായ സംവിധാനം കൊണ്ടുവരട്ടെയെന്നും എന്നിട്ട് മതി നടപ്പാക്കലെന്നുമാണ് ഡീലര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെ യോഗം വിളിച്ചത്. ഡീലര്‍മാരുടെ മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായി സമരരംഗത്തുള്ളതിനാല്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ തീരുമാനം നീട്ടിവെയ്ക്കാന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ബന്ധിതമായേക്കും.