തപാല്‍ എടിഎം വിപ്ലവത്തിന് ബാങ്കുകളുടെ തട. തപാല്‍ എടിഎം കാര്‍ഡ് ഉപയോഗത്തിന് അനുവദിച്ച സൗജന്യം മറ്റ് ബാങ്കുകള്‍ ഇടപെട്ട് എടുത്ത് കളഞ്ഞു. അധിക ഉപയോഗത്തിന് ഒരോ തവണയും 23 രൂപ വീതം സര്‍വീസ് ചാര്‍ജ് നല്‍കണം. ഗ്രാമമേഖലയില്‍ അഞ്ചും നഗരമേഖലയില്‍ മൂന്നും തവണയാണ് തപാല്‍ എടിഎം കാര്‍ഡുകള്‍ സൗജന്യമായി മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ ഇനി മുതല്‍ ഉപയോഗിക്കാനാവുക.

തപാല്‍ സേവിഗ്‌സ് അക്കൗണ്ടുകള്‍ക്കും എടിഎം കാര്‍ഡുകള്‍ക്കും ലഭിച്ച ജനപ്രീതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് മറ്റ് ബാങ്കുകളെ നയിച്ചത്. എടിഎം ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ലഭിച്ചതായി കൊച്ചിയിലെ തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഏത് പോസ്‌റ്റോഫീലും ചെന്ന് 50 രൂപ നല്‍കിയാല്‍ തപാല്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങാമെന്നതും എടിഎം കാര്‍ഡ് ലഭിക്കുമെന്നതും നിരവധി പേരെ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നും പിഴ കൂടാതെ എത്ര തവണ വേണമെങ്കിലും പണമെടുക്കാനും കഴിഞ്ഞിരുന്നു.

എന്നാല്‍ താപാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പോസ്റ്റ് ഓഫിസുകളിലെ എടിഎമ്മുകളില്‍ പരിധിയില്ലാതെ ഇടപാടുകള്‍ നടത്താമെന്ന് അധികൃതര്‍ പറഞ്ഞു. പക്ഷേ ഇവയുടെ സംസ്ഥാനത്ത് 50ല്‍ താഴെ മാത്രമാണ്.