വലിയ പ്രതീക്ഷ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്‍പില്‍

ദില്ലി: സ്വകാര്യ ആശ്രുപത്രികളില്‍ ദിനംപ്രതിയെന്നവണ്ണം വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. എന്നാല്‍ കോടികളുടെ പണകൈമാറ്റം നടക്കുന്ന സ്വകാര്യ ആരോഗ്യ മേഖലയെ ഏത് രീതിയില്‍ നിയന്ത്രിക്കാനാവും സര്‍ക്കാര്‍ നയം രൂപീകരിക്കുകയെന്ന് വ്യക്തമല്ല.

കാല്‍ മുട്ട് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ മറ്റ് ചില ഉയര്‍ന്ന ചിലവുകള്‍ വരുന്ന ചികിത്സകള്‍ എന്നിവയ്ക്ക് നിലവില്‍ ചെറിയ നിയന്ത്രണങ്ങള്‍ രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ഈ ആഴ്ച ദില്ലി സര്‍ക്കാര്‍ സ്വകാര്യ ആശ്രുപത്രികള്‍ക്ക് ചിലവുകളുടെ കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ രാജ്യം മുഴുവന്‍ വലിയ പ്രതീക്ഷയാണ് വളര്‍ത്തിയത്.

രോഗികളില്‍ ഉപയോഗിക്കേണ്ടി വരുന്ന ഇംപ്ലാന്‍റുകളുടെയും മരുന്നുകളുടെയും വിലയെക്കാള്‍ 50 ശതമാനത്തില്‍ കൂടുതല്‍ മറ്റ് ചെലവുകളുടെ ഗണത്തില്‍ വാങ്ങാന്‍ പാടില്ലയെന്ന ദില്ലി സര്‍ക്കാര്‍ നിര്‍ദ്ദേശം വലിയ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഇത്തരം നിയമങ്ങളെ ഏകീകരിക്കാനാവുമോ അതോ പുതിയ നയം രൂപീകരിക്കാനാവുമോ ശ്രമിക്കുകയെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാവുകയൊള്ളൂ.