ബംഗളുരു: സാനിട്ടറി പാഡുകള്‍ക്ക് പന്ത്രണ്ട് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ആര്‍ത്തവം ആഢംബരമാണോ എന്ന ചോദ്യമാണ് കേന്ദ്രസര്‍ക്കാരിനെതിരെയുളള പോസ്റ്റുകളില്‍ ഉയരുന്നത്. അധികനികുതിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ഒരുങ്ങുകയാണ് വനിതാ സംഘടനകള്‍.

മാലയ്‌ക്കും വളയ്‌ക്കും കുങ്കുമത്തിനുമില്ലാത്ത നികുതി എന്തിനാണ് സാനിട്ടറി പാഡുകള്‍ക്ക്? സാമൂഹ്യ മാധ്യമങ്ങളിലിപ്പോള്‍ സ്‌ത്രീകള്‍ കൂട്ടായി ഉയര്‍ത്തുന്ന ചോദ്യമാണിത്. സ്‌ത്രീകളുടെ ആരോഗ്യമാണോ അവര്‍ പൊട്ടു തൊടുന്നതാണോ സര്‍ക്കാരിന് പ്രധാനം എന്ന ചോദ്യത്തിനൊപ്പം ആര്‍ത്തവം ആഢംബരമാണോ എന്ന സംശയവും ഫേസ്ബുക്ക് കാമ്പയിനുകളില്‍ സജീവമാണ്. ചോരയ്‌ക്ക് നികുതി എന്ന പേരിലാണ് ചില കാമ്പയിനുകള്‍. അധിക നികുതി ഏര്‍പ്പെടുത്താനുളള നീക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ചെറുകിട സംരംഭകരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും തീരുമാനം മാറ്റില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് ജി.എസ്.ടി നിലവില്‍ വന്ന ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം സജീവമായത്.

പ്രതികരണങ്ങള്‍ പലവിധമാണ്. ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതിയില്ലാത്തപ്പോള്‍ എന്തുകൊണ്ടാണ് സാനിട്ടറി പാഡുകള്‍ക്ക് എന്ന് ചിലര്‍ ചോദിക്കുന്നു.ലൈംഗികത ഒരാളുടെ തെരഞ്ഞെടുപ്പാണെന്നും ആര്‍ത്തവം അങ്ങനെയല്ലെന്നും ഓര്‍മപ്പെടുത്തുന്നു. ജി.എസ്.ടി കൗണ്‍സിലില്‍ പുരുഷന്‍മാര്‍ മാത്രം ഇരുന്നതുകൊണ്ടാണ് ഇങ്ങനെയെന്നും അഭിപ്രായമുണ്ട്. സമ്പന്നരായ സ്‌ത്രീകള്‍ക്ക് മാത്രമാണോ ആര്‍ത്തവം ഉണ്ടാകുന്നത് എന്ന പരിഹാസമാണ് ആഢംബര നികുതി ഏര്‍പ്പെടുത്താനുളള തീരുമാനത്തിനെതിരെ ചിലര്‍ ഉന്നയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനൊപ്പം കര്‍ണാടകത്തിലെ വനിതാ സംഘടനകള്‍ തെരുവിലിറങ്ങാനും ഒരുങ്ങുകയാണ്. ഗുല്‍ബര്‍ഗയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ആദ്യ പ്രതിഷേധ പരിപാടിയും നടന്നു.