ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍നിന്നു തൊഴിലാളികള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. പിഎഫ് നിയമഭേദഗതി നടപ്പാക്കില്ലെന്നും പഴയ ചട്ടവുമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. നഗര പരിസരം ഒന്നടങ്കം സ്തംഭിപ്പിച്ച് ബംഗളൂരുവിലെ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

തൊഴിലാളി പ്രതിഷേധം കണക്കിലെടുത്ത് ഓഗസ്റ്റ് ഒന്നു വരെ നിയമഭേദഗതി നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ ആദ്യ പ്രതികരണം. എന്നാല്‍ അടുത്ത മണിക്കൂറില്‍ തന്നെ പിഎഫ് ചട്ടം ഭേദഗതി ചെയ്യുന്ന തീരുമാനം റദ്ദാക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.

ആയിരക്കണക്കിന് തൊഴിലാളികള്‍ രണ്ട് ദിവസമായി ബെംഗളൂരു നഗരം സ്തംഭിപ്പിച്ച് നടത്തിയ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് വഴിവച്ചത്. നഗരത്തിനു ചുറ്റുവട്ടത്തെ വ്യാപാര മേഖലയിലെ ചെറുകിട മുതല്‍ വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ സംഘടനയുടെയോ, നേതാവിന്റെയോ പിന്തുണയില്ലാതെയാണു തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

തൊഴിലുടമ അടയ്ക്കുന്ന വിഹിതം ഉള്‍പ്പെടെയുള്ള മുഴുവന്‍ പിഎഫ് തുകയും 58 വയസ് കഴിഞ്ഞാലെ പിന്‍വലിക്കാനാകൂ എന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 10നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി.

പ്രതിഷേധക്കൂട്ടായ്മ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശിയതോടെ പൊലീസും തൊഴിലാളികളും നടുറോഡില്‍ ഏറ്റുമുട്ടി. അതിരുവിട്ട തെരുവ് യുദ്ധം ജനജീവിതം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. സമരം ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കാത്ത കമ്പനികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുംക്കൂര്‍ റോഡില്‍ കര്‍ണാടക ആര്‍ടിസിയുടെ രണ്ടു വോള്‍വോ ബസ്സുകളും ഒരു ബിഎംടിസി ബസും, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു.

ഹെബ്ബകോടി പൊലീസ് സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. സംഭവത്തില്‍ ഒരു എസിപി ഉള്‍പ്പടെ 30 പൊലീസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവിടത്തെ ഗ്യാസ് ഗോഡൗണിനടുത്തെ വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. പൊലീസിന്റെ ഇടപെടല്‍ കാരണം വന്‍ദുരന്തമാണ് ഒഴിവായത്. മറിച്ച് പൊലീസ് ലാത്തി ചാര്‍ജില്‍ നൂറിലധികം തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീകളെ ക്രൂരമായി പൊലീസ് മര്‍ദ്ദിക്കുന്നത് സംഭവത്തിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 18 വയസുള്ള പെണ്‍കുട്ടിയുടെ കാലിന് പെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. വനിതാ പൊലീസിന്റെ സഹായമില്ലാതെ ക്രൂരമായ അക്രമം അഴിച്ച് വിട്ടാണ് സ്ത്രീകളെ പുരുഷ പൊലീസ് മാറ്റാന്‍ ശ്രമിച്ചതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഹെബ്ബകോടി, ജാലഹള്ളി, ദാസറഹള്ളി, പീനിയ, യശ്വന്ത്പൂര്‍, നെലമംഗള, ബെന്നാര്‍ഘട്ട റോഡ് തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

നേതാക്കളില്ലാതെ നടന്ന സമരമായതിനാല്‍ ആരുമായി ചര്‍ച്ച നടത്തണമെന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രതിഷേധത്തിനിടെ വാഹനം കത്തിച്ച സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരു നഗരത്തിലും റൂറല്‍ ജില്ലയിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു.

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു തുക പിന്‍വലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ നിയമഭേദഗതിയാണു പ്രതിഷേധത്തിനു വഴിവച്ചത്. തൊഴിലുടമ അടയ്ക്കുന്ന വിഹിതം ഉള്‍പ്പെടെയുള്ള മുഴുവന്‍ പിഎഫ് തുകയും 58 വയസ് കഴിഞ്ഞാലെ പിന്‍വലിക്കാനാകൂ എന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 10നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി.