നോട്ട് അസാധുവാക്കല്‍ എങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചു എന്നാണ് പാര്‍ലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. പ്രധാനമന്ത്രിയെ വിളിക്കുമെന്ന സൂചന നേരത്തെ സമിതി അദ്ധ്യക്ഷന്‍ കെ.വി തോമസ് നല്കിയെങ്കിലും ബി.ജെ.പി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പി.എ.സി ഈ നിര്‍ദ്ദേശം തള്ളി. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ നാളെ സമിതിക്കു മുമ്പാകെ ഹാജരാകും. ഇന്നലെ ധനമന്ത്രാലയ സമിതിക്കു മുമ്പാകെ ചെയ്തതു പോലെ ഒഴിഞ്ഞുമാറാന്‍ ഗവര്‍ണ്ണറെ അനുവദിക്കില്ലെന്ന നിലപാടിലാണ് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍. 

നാളെ ഹാജരാകുമ്പോ വിശദാംശങ്ങള്‍ നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് നല്കാനുള്ള സമയപരിധി തീരുമാനിക്കാന്‍ ആവശ്യപ്പെടും. റിസര്‍വ്വ് ബാങ്ക് നല്‍കുന്ന കണക്കുകള്‍ തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനോട് കണക്കുകള്‍ ആവശ്യപ്പെടും. അതേ സമയം കേന്ദ്ര ബജറ്റ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നീളുകയാണ്. നാളെ കമ്മീഷന്‍ ഉത്തരാഖണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങും. ബജറ്റ് ഒന്നാം തിയതി തന്നെ അവതരിപ്പിക്കപ്പെടുമെന്ന നിലയ്‌ക്കാണ് ധനമന്ത്രാലയത്തിലെ നടപടികള്‍ പുരോഗമിക്കുന്നത്.