സുപ്രീം കോടതിയുടെ വിധിയെ സംബന്ധിച്ച് ബാങ്കുകള്‍ക്കായി ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും അടുത്ത ദിവസങ്ങളില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും

ദില്ലി: സുപ്രീം കോടതി ആധാര്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയതോടെ ടെലിക്കോം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് ഇനിമുതല്‍ ആധാര്‍ ആവശ്യമില്ല. ഇതോടെ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ഇനി ആധാര്‍ ആവശ്യപ്പെടാനാവില്ല. 

ഇതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയിട്ടുളള ആധാര്‍ വിവരങ്ങള്‍ മായ്ച്ചുകളയാന്‍ ബാങ്കുകളോടും ടെലിക്കോം കമ്പനികളോടും ആവശ്യപ്പെടാമെന്ന അവസ്ഥ കൈവന്നു. "ഞങ്ങള്‍ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കാന്‍ തയ്യാറാണ്, ടെലിക്കോം മന്ത്രാലയത്തിന്‍റെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്". സുപ്രീം കോടതിയുടെ വിധിയെപ്പറ്റിയുളള ചോദ്യങ്ങളോട് സെല്ലുലാര്‍ ഓപ്പറേഷന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യുവിന്‍റെ വാക്കുകളായിരുന്നു ഇത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സുപ്രീം കോടതിയുടെ വിധിയെ സംബന്ധിച്ച് ബാങ്കുകള്‍ക്കായി ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും അടുത്ത ദിവസങ്ങളില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും. മൊബൈല്‍ സേവനദാതാക്കള്‍ക്ക് ടെലിക്കോം മന്ത്രാലയമാവും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആധാര്‍ നിയമത്തിലെ 33(2), 47, 57-ാം വകുപ്പിന്‍റെ ഒരുഭാഗവും സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നത്.