വന്‍തോതിലുള്ള പ്രകൃതി വാതകസാന്നിധ്യം കൂടാതെ  സ്വര്‍ണം,ഡയമണ്ടുകള്‍, ഇരുമ്പ്, ചെമ്പ്,,യുറേനിയം,ടംഗ്സ്റ്റണ്‍ തുടങ്ങി ലോഹധാതുകളും വലിയ ശേഖരവും ആർട്ടിക് സമുദ്രത്തിലുണ്ട്. എന്നാൽ ഇത്രയും വിഭവങ്ങൾ ഖനനം ചെയ്യാനോ അതിന് സ്ഥിരം വിപണി കണ്ടെത്താനോ റഷ്യയ്ക്ക് സാധിച്ചിരുന്നില്ല.

ദില്ലി: ഇന്ത്യ-റഷ്യ സൗഹൃദത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുതിന്‍റെ ഇന്ത്യാ സന്ദര്‍ശനം. 19-ാമത്ത് ഇന്ത്യ-റഷ്യ ഉച്ചക്കോടിക്കിടെ ഇന്ത്യയെ റഷ്യന്‍ നിയന്ത്രണത്തിലുള്ള ആര്‍ട്ടിക് സമുദ്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതിന്‍ സ്വാഗതം ചെയ്തു. യൂറോപ്പിനെ ബന്ധിപ്പിക്കുന്ന കടല്‍ പാത പ്രയോജനപ്പെടുത്താനുംആര്‍ട്ടിക് സമുദ്രം കേന്ദ്രീകരിച്ചുള്ള എണ്ണ-പ്രകൃതി വാതക-ധാതു പര്യവേക്ഷണത്തില്‍ പങ്കുചേരാനും ഇന്ത്യന്‍ വ്യവസായികളെ സ്വാഗതം ചെയ്യുന്നതായി പുതിന്‍ പറഞ്ഞു. 

ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടത്ര വിഭവങ്ങള്‍ ആര്‍ട്ടിക് സമുദ്രത്തിലുണ്ട്. പ്രധാനമന്ത്രി മോദിയുമായി ഞാന്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആര്‍ട്ടിക് സമുദ്രത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ സുഹൃത്തുകളെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതിയാണിത്. നല്ല നിക്ഷേപവും നല്ല വരുമാനവും പ്രതീക്ഷിക്കാം. ആഗോളതലത്തില്‍ സാഹചര്യങ്ങള്‍ മാറിമറയുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഇനിയുണ്ടാവുക ആര്‍ട്ടിക് മേഖലയിലാണ് - മോദിക്കൊപ്പം ഇന്‍ഡോ-റഷ്യന്‍ വ്യവസായികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ പുതിന്‍ പറഞ്ഞു. 

ആര്‍ട്ടിക്കിലെ ഖനന-പര്യവേക്ഷണപദ്ധതികള്‍ക്കായി ആണവക്കപ്പലുകളുടെ ഒരു ഫ്ലീറ്റ് തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് ആണവകപ്പലുകള്‍ ഘട്ടംഘട്ടമായി നീറ്റിലിറങ്ങും. ഇതോടെ ഇന്ത്യയിലേക്കും ആഗോളമാര്‍ക്കറ്റിലേക്കും ആവശ്യമായത്ര പ്രകൃതിവാതകം ഞങ്ങള്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കും. ആകര്‍ഷകമായ ഒരു ഒരു കൂട്ടുക്കച്ചവടമാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്നും വിശ്വസിക്കാവുന്ന വാതക-ഇന്ധന-ധാതു വിതരണക്കാരായിരിക്കും റഷ്യ. പുതിന്‍ പറഞ്ഞു.

ഇരുരാഷ്ട്രതലവന്‍മാരുടേയും സംയുക്ത വാര്‍ത്താക്കുറിപ്പിലും ആര്‍ട്ടിക് മേഖലയിലെ ഇന്ത്യന്‍ ഇടപെടലിനെക്കുറിച്ച് സൂചന നല്‍കുന്ന വാക്കുകളുണ്ടായിരുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണസന്പത്ത് ഖനനം ചെയ്യുവാന്‍ ഇരു രാജ്യങ്ങളിലേയും കന്പനികള്‍ സഹകരിക്കുന്നതിനെ സംയുക്തപ്രസ്താവനയില്‍ ഇന്ത്യയും റഷ്യയും സ്വാഗതം ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പൈപ്പ് വഴി പ്രകൃതി വാതകം എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും മോദിയും പുതിനും ചര്‍ച്ച ചെയ്തു. 

പെട്രോളിയത്തിന്‍റേയും മറ്റു ധാതുവിഭവങ്ങളുടേയും വലിയ കലവറയായിട്ടാണ് ആര്‍ട്ടിക് സമുദ്രമേഖലയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകമാര്‍ക്കറ്റിലേക്കെത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ പത്തില്‍ ഒന്നും ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. വന്‍തോതിലുള്ള പ്രകൃതി വാതകസാന്നിധ്യം കൂടാതെ സ്വര്‍ണം,ഡയമണ്ടുകള്‍, ഇരുമ്പ്, ചെമ്പ്,,യുറേനിയം,ടംഗ്സ്റ്റണ്‍ തുടങ്ങി ലോഹധാതുകളും വലിയ ശേഖരവും ആർട്ടിക് സമുദ്രത്തിലുണ്ട്. എന്നാൽ ഇത്രയും വിഭവങ്ങൾ ഖനനം ചെയ്യാനോ അതിന് സ്ഥിരം വിപണി കണ്ടെത്താനോ റഷ്യയ്ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായി വന്നിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ചൈനയേയും റഷ്യ തങ്ങളുടെ വിപണിയായി കാണുന്നുണ്ട്.