ദോഹ: മേഖലയിലെ രാജ്യങ്ങള്‍ നയതന്ത്രബന്ധങ്ങള്‍ ഉപേക്ഷിച്ച് ഉപരോധത്തിലേക്ക് നീങ്ങിയതോടെ ഖത്തര്‍ കറന്‍സിയായ ഖത്തര്‍ റിയാലും പ്രതിസന്ധിയിലേക്ക്. മറ്റ് അറബ് രാജ്യങ്ങളിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഖത്തര്‍ ബാങ്കുകളുമായുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കിയതോടെ വലിയ പ്രതിസന്ധിയാണ് ഖത്തര്‍ കറന്‍സി നേരിടുന്നത് എന്നാണ് റോയിറ്റേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോളറിനെതിരെ 3.64 എന്ന നിരക്കിലാണ് ഇപ്പോഴും ഖത്തര്‍ കറന്‍സി. ഇതില്‍ നിന്ന് തന്നെ ഖത്തര്‍ കറന്‍സിയുടെ മൂല്യം ഇടിയാതിരിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തങ്ങളുടെ വിദേശ കറന്‍സി ശേഖരം ഉപയോഗിക്കുന്നു എന്ന് വ്യക്തമാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുട അഭിപ്രായം. ഇപ്പോള്‍ തന്നെ ജൂണ്‍ 2016 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ ഖത്തര്‍ കറന്‍സിയുള്ളത്.

അതേ സമയം സൗദി അറേബ്യയ്ക്ക് പുറമേ ബഹ്റിനും, യുഎഇയും തങ്ങളുടെ രാജ്യത്തെ ബാങ്കുകളോട് ഖത്തര്‍ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഖത്തര്‍ കറന്‍സിയില്‍ ഇടപാട് നടത്തുന്നതാണ് സൗദി സെന്‍ട്രല്‍ ബാങ്ക് തടഞ്ഞതെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. പക്ഷെ ഇതിനോട് പ്രതികരിക്കാന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് തയ്യാറായില്ല.

അതേ സമയം തങ്ങളുടെ പ്രവര്‍ത്തനത്തിനായി വിദേശ ഫണ്ടുകള്‍ സ്വീകരിച്ച ഖത്തര്‍ ബാങ്കുകള്‍ ഏറെയാണ്. 2015 മാര്‍ച്ചിന് ശേഷം ഖത്തര്‍ ബാങ്കുകളുടെ വിദേശ ബാധ്യത 124 ശതകോടി അമേരിക്കന്‍ ഡോളറാണ് എന്നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ നാച്യൂറല്‍ ഗ്യാസ് എക്സ്പോര്‍ട്ടെസ് ആയ ഖത്തര്‍ തങ്ങളുടെ വലിയ വിദേശ നാണ്യ ശേഖരം കറന്‍സി മൂല്യം പിടിച്ചുനിര്‍ത്താന്‍ ഉപയോഗിക്കാന്‍ തന്നെയാണ് സാധ്യത.

അതേ സമയം കേന്ദ്രബാങ്കുകളുടെ കൃത്യമായ നിര്‍ദേശം വരും വരെ ഖത്തര്‍ ബാങ്കുകളുമായുള്ള ഇടപാടുകള്‍ ദീര്‍ഘിപ്പിക്കാന്‍ തന്നെയാണ് ചില ബഹ്റിന്‍ യുഎഇ ബാങ്കുകളുടെ തീരുമാനം എന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്.

അതേ സമയം താല്‍കാലികമായെങ്കിലും തങ്ങളുടെ വിദേശ നാണ്യ ശേഖരം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയില്ലാതെ തുടരാമെങ്കിലും ഖത്തറിന് കൂടുതല്‍ കാലം ഈ ഉപരോധം തുടര്‍ന്നാല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യാപരവും, മൂലധനത്തിന്‍റെ ഒഴുക്കും ഇത്തരം ഒരു ഉപരോധത്തിലൂടെ നിലയ്ക്കും ഇത് ക്രമേണ ഖത്തറിന്‍റെ മൊത്തം സാമ്പത്തിക കടത്തിലേക്ക് തള്ളിവിടാം എന്ന് അഭിപ്രായപ്പെടുന്നത് അന്താരാഷ്ട്ര റൈറ്റിംഗ് ഏജന്‍സിയായ മൂഡിയാണ്.

അതേ സമയം തന്നെ ഗള്‍ഫിന് പുറത്ത് ശ്രീലങ്കയിലേയും, സിംഗപ്പൂരിലേയും ബാങ്കുകള്‍ ഖത്തര്‍കറന്‍സിയുടെ വിനിമയം താല്‍കാലികമായി നിര്‍ത്തിവച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.