ബംഗളുരു: എയർ കണ്ടീഷൻ പ്രവർത്തന രഹിതമായ കോച്ചിൽ ദുരിതയാത്ര ചെയ്യേണ്ടിവന്ന യാത്രക്കാരന്​ നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​. കർണാടക ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ്​ യാത്രക്കാരന്റെ പരാതിയിൽ, നഷ്​ടപരിഹാരമായി 12,000 രൂപ ദക്ഷിണ പശ്​ചിമ റെയിൽവെ നഷ്​ടപരിഹാരമായി നൽകണമെന്ന്​ ഉത്തരവിട്ടത്​. ടിക്കറ്റ്​ തുക തിരികെ നൽകാനും ഉത്തരവിട്ടിട്ടുണ്ട്​. രണ്ട്​ വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിലൂടെ മൈസൂർ സ്വദേശിയായ 58കാരന്‍ ഡോ. എസ്​. ശേഖർ എന്ന യാത്രക്കാരനാണ്​ റെയിൽവെക്ക്​ ‘പണി’ കൊടുത്തത്​.

2015 മാർച്ച്​ ഒമ്പതിന്​ ടിപ്പു സൂപ്പർ എക്സ്പ്രസില്‍ ബംഗളുരുവിൽ നിന്ന്​ മൈസൂരിലേക്ക്​ യാത്ര ചെയ്​തപ്പോഴായിരുന്നു ശേഖറിന്​ ദുരനുഭവം നേരിട്ടത്​. മൂന്ന്​ മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ ശേഖറിന്​ ലഭിച്ച സി1 കോച്ചിൽ എ.സി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ഇദ്ദേഹം ട്രെയിനിലെ എ.സി മെക്കാനിക്കിനോട്​ പരാതി​പ്പെട്ടു. തകരാർ കണ്ടുപിടിക്കാനുള്ള മെക്കാനി​ക്കി​ന്റെ ​ശ്രമം പരാജയപ്പെട്ടു. ഇതെ തുടർന്ന്​ പരാതിക്കാരൻ ടിക്കറ്റി​ന്റെ പണം തിരികെ ആവശ്യപ്പെട്ട്​ പരാതി നൽകി. പരാതിക്കാരൻ ജില്ലാ ഉപഭോക്​തൃ ഫോറത്തെയും സമീപിച്ചു. എന്നാൽ ദർവാഡ്​ മുതൽ ബംഗളുരു വരെ എ.സി ​പ്രവർത്തിച്ചിരുന്നുവെന്നും ദീർഘനേരം പ്രവർത്തിച്ചതുകാരണം പ്രവർത്തനരഹിതമായതാണെന്നും കുറഞ്ഞ സമയം കൊണ്ട്​ പ്രശ്​നം കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു റെയിൽവെയുടെ വിശദീകരണം.

റെയിൽവെയോട്​ 3,000രൂപ നഷ്​ടപരിഹാരവും 2,000 രൂപ ചെലവുമായി നൽകാൻ നിർദേശിച്ചു. നഷ്​ടപരിഹാരം വൈകുന്ന ദിവസത്തിന്​ പ്രതിദിനം 100 രൂപ പിഴയായും നൽകണമെന്നുമായിരുന്നു നിർദേശം. യാത്രക്കാരൻ കൂടുതൽ നഷ്​ടപരിഹാരം തേടി കർണാടക സംസ്​ഥാന ഉപഭോക്​തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചു. യാത്രക്കാരന്റെ പ്രായവും യാത്രയിലുണ്ടായ ദുരിതവും പരിഗണിച്ച കമീഷനാണ്​ ഉയർന്ന നഷ്​ട പരിഹാരം വിധിച്ചത്​. തുക നാലാഴ്​ചക്കകം നൽകാനാണ്​ കമീഷന്റെ ഉത്തരവ്​.