ദില്ലി: റിസര്‍വ് ബാങ്കില്‍ ഏറ്റുവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് അതിന്റെ ഗവര്‍ണര്‍ രഘുറാം രാജന്‍ അല്ല..! വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം രാജനേക്കാള്‍ ശമ്പളം വാങ്ങുന്ന മറ്റു മൂന്നു പേര്‍ റിസര്‍വ് ബാങ്കിലുണ്ട്..!

പുറത്തുവന്ന കണക്കുകള്‍ പ്രകാരം പ്രകാരം പ്രതിമാസം 1,98,700 രൂപയാണു റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശമ്പളം. അടിസ്ഥാന ശമ്പളം 90,000 രൂപയും ഡിഎ ഇനത്തില്‍ 1,01,700 രൂപയും മറ്റ് അലവന്‍സുകളായി 7000 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഗോപാലകൃഷ്ണ സീതാറാം ( നാലു ലക്ഷം), അണ്ണാമല അറപ്പുലി ഗൗണ്ടര്‍ (2,20,355), വി. കന്തസാമി (2.1 ലക്ഷം) എന്നിങ്ങനെ ശമ്പളം വാങ്ങുന്ന മൂന്നു പേര്‍ റിസര്‍വ് ബാങ്കിലുണ്ട്. 

ഇവര്‍ ആരെന്നോ ഇവരുടെ പദവി എന്താണെന്നോ ഒന്നും വിവരാവകാശ രേഖയില്‍ പരാമര്‍ശമില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അധികൃതര്‍ കൃത്യമായ ഉത്തരവും നല്‍കുന്നില്ല. 2015 ജൂണ്‍ - ജൂലായ് കാലയളവിലെ ശമ്പള രേഖയാണു വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ടിരിക്കുന്നത്.

രേഖകളില്‍ വേറെയുമുണ്ട് രസകരമായ വസ്തുതകള്‍. റിസര്‍വ് ബാങ്ക് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ കില്ലാവാലയുടെ ശമ്പളം ആര്‍ബിഐയുടെ നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്കും 11 എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ അധികമാണ്. ആര്‍ബിഐയില്‍ ഗവര്‍ണര്‍ കഴിഞ്ഞാല്‍ തൊട്ടു താഴെയുള്ള പദവിയാണ് ഡെപ്യൂട്ടി ഗവര്‍ണര്‍. അതിനു പിന്നാലെയാണ് 11 എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ വരുന്നത് എന്നിരിക്കെയാണിത്. 

കില്ലാവാലയടക്കം 23 ജീവനക്കാര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ടെന്നു വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. 44 ജീവനക്കാര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരേക്കാള്‍ അധികം പ്രതിഫലംപറ്റുന്നു. 

മൂന്നു വര്‍ഷം മുന്‍പാണ് റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതയേല്‍ക്കുന്നത്. വരുന്ന ഡിസംബറില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്.