മുംബൈ: പുതിയ 500നും 2000നും ശേഷം അടുത്തതായി 200 രൂപയുടെ നോട്ടുകള്‍ വരുന്നു. 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത് വഴിയുള്ള പ്രതിസന്ധി പരമാവധി കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് 200 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. നോട്ടിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
എന്നാല്‍ ഉടനെ പുറത്തിറങ്ങുന്ന 200 രൂപാ നോട്ടുകള്‍ എ.ടി.എം വഴി ലഭിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും ഇത് സ്വീകരിക്കില്ല. പകരം ബാങ്ക് ശാഖകളില്‍ നിന്ന് നേരിട്ട് വിതരണം ചെയ്യും. പുതിയ നോട്ട് എം.ടി.എം വഴി നല്‍കണമെങ്കില്‍ രാജ്യത്ത് ഇപ്പോഴുള്ള 2.2 ലക്ഷം എ.ടി.എം മെഷീനുകള്‍ പുനഃക്രമീകരിക്കേണ്ടി വരും. ഇത് നോട്ട് നിരോധന സമയത്തുണ്ടായതിന് സമാനമായ പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന് ഭയന്നാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു മാസത്തിലേറെ സമയവും വിദഗ്ദ സേവനവും ലഭ്യമായെങ്കില്‍ മാത്രമേ എ.ടി.എമ്മുകളുടെ പുനഃക്രമീകരണം സാധ്യമാകൂ.
നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000, 500 രൂപാ നോട്ടുകള്‍ ഇറങ്ങിയപ്പോള്‍ ഏറെ പണിപ്പെട്ടാണ് ബാങ്കുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ മെഷീനുകളും ഇവ വിതരണം ചെയ്യാനായി സജ്ജീകരിച്ചത്. ഇത്തരമൊരും പ്രവൃത്തി ഒരിക്കല്‍ കൂടി ഉടനെ ആവര്‍ത്തിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ 10, 20 രൂപാ നോട്ടുകളൊക്കെ വിതരണം ചെയ്യുന്ന പോലെ നേരിട്ട് ബാങ്കില്‍ നിന്ന് മാത്രം 200 രൂപാ നോട്ടും വിതരണം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. നോട്ട് അച്ചടിക്കുള്ള ക്രമീകരണങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് വിവരം.
