കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മാറ്റം അപമാനമുണ്ടാക്കാട്ടിയെന്ന് വ്യക്തമാക്കിയാണ് 18,000 റിസര്‍വ്വ് ബാങ്ക് ജീവനക്കാരുടെ സംഘനയായ യുണൈറ്റഡ് ഫോറം ഓഫ്​ റിസര്‍വ്​ ബാങ്ക്​ ഓഫീസേഴ്സ് എംപ്ലോയിസ്, ഗവര്‍ണര്‍ ഈര്‍ജിത് പട്ടേലിന് കത്തയച്ചത്. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ റിസര്‍വ്വ് ബാങ്കിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഇതില്‍ വേദനയുണ്ടെന്നും കത്തില്‍ ആര്‍.ബി.ഐ ജീവനക്കാര്‍ പരാതിപ്പെടുന്നു. ആര്‍.ബി.​ഐയുടെ സ്വയംഭരണത്തിലേക്ക്​ സര്‍ക്കാര്‍ കടന്നു കയറിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമല്ല സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന ഗവര്‍ണര്‍ ഈര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജീവനക്കാരുടെ വിമര്‍ശനം. 

നോട്ട് മാറ്റത്തെക്കുറിച്ച് വിശദീകരിക്കാന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തീരുന്ന ഏപ്രില്‍ 12 ശേഷം വിളിച്ചുവരുത്തുമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു. അടുത്ത വെള്ളിയാഴ്ച്ചയാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഈര്‍ജിത് പട്ടേല്‍ പി.എ.സിക്ക് മുമ്പില്‍ ഹാജരാകുന്നത്. പ്രധാന മന്ത്രിയെ വിളിച്ചുവരുത്താന്‍ അവകാശമുണ്ടെന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി തോമസ് എം.പിയുടെ നിലപാട് ബി.ജെ.പി ഭൂരിപക്ഷമുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി തള്ളിയിരുന്നു.