ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. തട്ടിപ്പിലൂടെയോ അനധികൃത ഡിജിറ്റല്‍ ഇടപാടിലൂടെ സ്വന്തം പണം നഷ്‌ടമായെന്ന് ബാങ്കിനെ അറിയിച്ചാല്‍ പിന്നെ ഇടപാടുകാരന് അതില്‍ യാതൊരു ബാധ്യതയും ഉണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നഷ്ടപ്പെട്ട പണത്തിന്റെ ഉത്തരവാദിത്തം അതത് ബാങ്കുകള്‍ക്ക് മാത്രമാണ്. 

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ബാങ്കിന്റെ വീഴ്ച കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായാല്‍ ഉപഭോക്താവിന് ഒരു ഉത്തരവാദിത്തവും ഉണ്ടാകില്ല. എന്നാല്‍ ബാങ്കിനോ ഉപഭോക്താവിനോ പങ്കില്ലാതെ മറ്റാരെങ്കിലും നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ബാങ്കിനെ വിവരമറിയിക്കണം. അങ്ങനെയാണെങ്കില്‍ ഉപഭോക്താവിന് അതില്‍ ബാധ്യതയുണ്ടാവില്ല. ഏഴ് ദിവസത്തിനകമാണ് തട്ടിപ്പ് ബാങ്കിനെ അറിയിക്കുന്നതെങ്കില്‍ ഉപഭോക്താവിന്റെ പരമാവധി ബാധ്യത 25,000 രൂപ മാത്രമായിരിക്കും. തട്ടിപ്പ് വിവരം ബാങ്കിനെ അറിയിക്കാന്‍ വൈകിയാല്‍ ഉപഭോക്താവിന്റെ ബാധ്യതയും വര്‍ദ്ധിക്കും.

എല്ലാ ഉപഭോക്തക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിര്‍ബന്ധമായും അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും ഇടപാടുകളെക്കുറിച്ചുള്ള എസ്.എം.എസ് സന്ദേശങ്ങള്‍ അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ബാങ്കിനെ അറിയിച്ചിട്ടും പണം പോവുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ കാര്‍ഡ്, നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്കുള്ള രഹസ്യ വിവരങ്ങള്‍ ഉപഭോക്താവ് തന്നെ മറ്റൊരാള്‍ക്ക് കൈമാറുന്നത് വഴിയുണ്ടാകുന്ന തട്ടിപ്പുകള്‍ക്ക് ബാങ്കുകള്‍ ഉത്തരവാദികളാവില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ച് 10 പ്രവൃത്തി ദിവസങ്ങള്‍ക്കകം തുക തിരികെ ക്രെഡിറ്റ് ചെയ്ത് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിഷ്കര്‍ശിച്ചിട്ടുണ്ട്.