ടാറ്റാ ടെലി സര്‍വ്വീസില്‍ നിന്ന് നഷ്ടപരിഹാരം തേടിയുള്ള, ജപ്പാനീസ് കമ്പനിയായ ടോകോമോയുടെ നിയമയുദ്ധം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഡോകോമോയ്ക്ക് 7900 കോടി രൂപ നല്‍കി കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യക്ക് പുറത്തുള്ള നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം ഒഴിയാന്‍ നിക്ഷേപത്തിന് ഗ്യാരന്റി നല്‍കുന്ന നിയമം രാജ്യത്തില്ലെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്. ടാറ്റാ-ഡോകോമോ ഇടപാട് അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആര്‍.ബി.ഐയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ദില്ലി ഹൈക്കോടതി, കോടതിക്ക് പുറത്ത് വെച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ ആര്‍.ബി.ഐക്ക് ഇടപെടാന്‍ അധികാരമുണ്ടോ എന്ന് പരിശോധിക്കും. 

മൂന്ന് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് ഡോകോമോയുമായുള്ള കേസ് അവസാനിപ്പിക്കാന്‍ ടാറ്റ തയ്യാറായത്. 2009ല്‍ 26.5 ശതമാനം ഓഹരികള്‍ വാങ്ങിയാണ് ഡോകോമോ ടാറ്റാ ടെലി സര്‍വ്വീസില്‍ പങ്കാളികളായത്. പ്രതീക്ഷിച്ച ലാഭം കിട്ടാത്തതിനെ തുടര്‍ന്ന് 2014ലാണ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തിനകം പങ്കാളിത്തം ഉപേക്ഷിക്കേണ്ടി വന്നാല്‍ മുടക്ക് മുതലിന്റെ പകുതിയെങ്കിലും ടാറ്റാ ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍ ഓഹരി വിലയുടെ പകുതിയേ നല്‍കാന്‍ സാധിക്കൂ എന്ന് ടാറ്റ നിലപാടെടുത്തു. തുടര്‍ന്ന് ഡോകോമോ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. തര്‍ക്കം തുടരുന്നതിനിടെ ടാറ്റാ സണ്‍സ് ബോര്‍ഡ് ചെയര്‍മാനായി ചുമതല ഏറ്റെടുത്ത എന്‍ ചന്ദ്രശേഖരന്‍ കേസ് അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുകയായിരുന്നു. ദില്ലി ഹൈക്കോടതിയില്‍ പ്രതികൂല നിലപാടെടുത്തെങ്കിലും റിസര്‍വ് ബാങ്കിന്റെ അഭിപ്രായത്തോട് പ്രതികരിക്കേണ്ടെന്നാണ് ടാറ്റയുടെ തീരുമാനം.