ബാങ്ക് ശാഖകളുടെ എണ്ണം കുറച്ചേക്കും റിക്കവറി പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കൈയില്‍

ദില്ലി: ഇന്ത്യയിലെ ഒന്‍പത് പൊതുമേഖല ബാങ്കുകള്‍ രണ്ട് വര്‍ഷ റിക്കവറി പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ഒന്‍പത് പൊതുമേഖല ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്ക് മൊത്തം 11 പൊതുമേഖല ബാങ്കുകള്‍ക്ക് തിരുത്തല്‍ നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇവയില്‍ ഒന്‍പത് ബാങ്കുകളാണ് റിക്കവറി പ്ലാന്‍ സമര്‍പ്പിച്ചത്.

ഈ 11 പൊതുമേഖല ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണ്. കിട്ടാക്കടം പെരുകിയതും മൂലധനം കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളും പൊതുമേഖല ബാങ്കുകളെ പൊറുതിമുട്ടിക്കുകയാണ്. അലഹാബാദ് ബാങ്ക്, ദേനാ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്‍റ് ബാങ്ക് ഓഫ് കൊമേഴ്സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് തിരുത്തല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.

ബാങ്കുകളുടെ റിക്കവറി പ്ലാനുകളില്‍ ബാങ്കിങ് ചെലവുകള്‍ കുറയ്ക്കാനുളള നടപടികള്‍, തദ്ദേശീയ ശാഖകളുടെ എണ്ണം കുറയ്ക്കുക, വിദേശ ശാഖകള്‍ അടച്ചുപൂട്ടുക, കോര്‍പ്പറേറ്റ് ലോണ്‍ നിയന്ത്രിക്കുക തുടങ്ങിയ അനേകം ജനജീവിതത്തെ നേരിട്ട് ബാധിക്കുന്നതും വ്യവസായ മേഖലയുടെ വളര്‍ച്ചയെ തളര്‍ത്തുന്നതുമായ നിര്‍ദ്ദേശങ്ങളുളളതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.