മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ നിന്നും മുംബൈയിലെ വൈദ്യുതി ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും അവകാശം അദാനി ഗ്രൂപ്പ് വിലയ്ക്കു വാങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ട്രാന്‍സ്മിഷന്‍ 13,251 കോടി രൂപയ്ക്കാണ് ഇതുസംബന്ധിച്ച കരാറില്‍ റിലയന്‍സുമായി ഒപ്പിട്ടത്. ഊര്‍ജ്ജവിതരണരംഗത്തേക്കുള്ള അദാനി ഗ്രൂപ്പിന്റെ കടന്നു വരവിന് വഴിയൊരുക്കുന്ന കരാര്‍ കടബാധ്യതകള്‍ തീര്‍ക്കാന്‍ റിലയന്‍സിന് ഉപകാരപ്പെടും. 

ഏറ്റവും മികച്ച തുകയ്ക്ക് കരാര്‍ ഒപ്പിടാന്‍ സാധിച്ചെന്നും പുതിയ കരാര്‍ കമ്പനിയുടെ കടം കുറയ്ക്കാന്‍ സഹായിക്കുമെന്നും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സിഇഒ ലളിത് ജലന്‍ പറഞ്ഞു. മഹാരാഷ്ട്ര ഇലക്ട്രിക്‌സിറ്റി റെഗുലേറ്ററി കമ്മീഷനില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ഇടപാടിന് അംഗീകാരം നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വസം. നടപടികള്‍ വേഗത്തില്‍ തീര്‍ത്താല്‍ മാര്‍ച്ചിനകം കൈമാറ്റനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും അദ്ദേഹം വ്യക്തമാക്കി.