രണ്ടു മാസത്തിൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു.

ദില്ലി: വിമാന സർവ്വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിമാനയാത്രക്കാരുടെ അവകാശപത്രികയുടെ ആദ്യ കരടിലാണ് കേന്ദ്രം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്ത് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ചാർജ് ഇല്ലാതെ റദ്ദാക്കാൻ യാത്രക്കാരെ അനുവദിക്കും. യാത്രയ്ക്ക് തൊണ്ണൂറ്റിയാറ് മണിക്കൂർ മുമ്പ് വരെയാകും ഈ സൗകര്യം നല്കുക. യാത്രയ്ക്ക് രണ്ടാഴ്ച മുതൽ ഇരുപത്തിനാല് മണിക്കൂർ വരെയുള്ള സമയത്തിനിടയിൽ വിമാനം റദ്ദായത് അറിയിക്കുകയാണെങ്കിൽ യാത്രക്കാർക്ക് നിശ്ചയിച്ച സമയത്തിന് രണ്ടു മണിക്കൂറിനുള്ളിൽ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നല്കണം. അത് യാത്രക്കാർക്ക് സ്വീകാര്യമല്ലെങ്കിൽ പണം തിരികെ നല്കണം. 

വിമാനം വൈകുന്നത് 24 മണിക്കൂർ മുമ്പ് അറിയിക്കുകയും വിമാനം 4 മണിക്കൂർ വൈകുകയും ചെയ്താൽ ടിക്കറ്റ് നിരക്ക് പൂർണ്ണമായും മടക്കി നൽകണം. ആദ്യ വിമാനം മൂന്ന് മണിക്കൂർ വൈകിയതു കൊണ്ട് കണക്ഷൻ വിമാനം വൈകിയാൽ മൂവായിരം രൂപ യാത്രക്കാർക്ക് നല്കണം. നാലു മുതൽ 12 മണിക്കൂറിന് പതിനായിരം രൂപയും അതിനു മുകളിലെങ്കിൽ 20000 രൂപയും നല്കണം. 

അടിസ്ഥാന നിരക്ക് ഇന്ധന സർചാർജ് എന്നിവ ചേർന്നുള്ളതിനെക്കാൾ കൂടുതൽ തുക റദ്ദാക്കുന്നതിൻറെ ചാർജജായി ഈടാക്കരുത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് മുതൽ വൈഫൈ സംവിധാനം നല്കാമെന്നും മൊബൈൽ സൗകര്യം 3000 മീറ്ററിനു മുകളിലേ നല്കാവൂ എന്നും കരട് പത്രിക നിർദ്ദേശിക്കുന്നു. രണ്ടു മാസത്തിൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു.