അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു. ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികൾക്ക് ഈ ഇടിവ് വൻ പ്രഹരമാകുകയാണ്. എണ്ണവില തുടർച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും സർക്കാർ ഇടപെടലില്ല.
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡീസൽ വില സർവ്വകാല റോക്കോർഡിലെത്തി. അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.
സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ്. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു. ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികൾക്ക് ഈ ഇടിവ് വൻ പ്രഹരമാകുകയാണ്. എണ്ണവില തുടർച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും സർക്കാർ ഇടപെടലില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസലിനും പെട്രോളിനും വില കൂടി. ഡീസലിന് പല നഗരങ്ങളിലും റെക്കോർഡ് വിലയാണ്
അതേസമയം നോട്ട് അസാധുവാക്കൽ പരാജയമായിരുന്നു എന്ന വിമർശനം മറികടക്കാനുള്ള കണക്കുകൾ കേന്ദ്രം പുറത്തു വിട്ടു. ആദായനികുതി റിട്ടേണുകളുടെ എണ്ണത്തിൽ 60 ശതമാനമാണ് വർദ്ധന. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേസമയം 3.10 കോടി റിട്ടേണുകളാണ് സമർപ്പിച്ചതെങ്കിൽ ഇത്തവണ അത് അഞ്ച് കോടിയായി ഉയർന്നു. കൂടുതൽ ആദായ നികുതിദായകരെ സൃഷ്ടിക്കാൻ നോട്ട് അസാധുവാക്കലിനും, ജിഎസ്ടിക്കും കഴിഞ്ഞെന്നാണ് സർക്കാർ അവകാശ വാദം.
