കാണിക്കയിനത്തില്‍ എട്ട് കോടി രൂപയുടെ കുറവുണ്ടായി. അരവണ വില്‍പ്പനയിലൂടെ ഈ വര്‍ഷം 7.23 കോടി രൂപ മാത്രമാണ് ബോര്‍ഡിന് നേടാനായത്. അരവണ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 21.94 കോടി ലഭിച്ചിരുന്നു. 

ശബരിമല: ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന്‍റെ ആദ്യ 13 ദിവസം പിന്നിട്ടപ്പോള്‍ മുന്‍ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം ഇത്രയും ദിവസം കൊണ്ട് ആകെ 50.57 കോടി രൂപയായിരുന്ന ശബരിമലയില്‍ നിന്ന് വിവിധ ഇനങ്ങളിലായി ലഭിച്ച ആകെ വരുമാനം. എന്നാല്‍, ഈ വര്‍ഷം ഇതുവരെ 19.37 കോടി രൂപ മാത്രമാണ് ശബരിമലയില്‍ നിന്ന് ലഭിച്ച വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 31 കോടി രൂപയുടെ കുറവ്!.

ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് സന്നിധാനത്തുണ്ടായത്. ശബരിമലയില്‍ വരുമാനക്കുറവുണ്ടായത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 

കാണിക്കയിനത്തില്‍ എട്ട് കോടി രൂപയുടെ കുറവുണ്ടായി. അരവണ വില്‍പ്പനയിലൂടെ ഈ വര്‍ഷം 7.23 കോടി രൂപ മാത്രമാണ് ബോര്‍ഡിന് നേടാനായത്. അരവണ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 21.94 കോടി ലഭിച്ചിരുന്നു. അപ്പം വില്‍പ്പനയില്‍ 2.25 കോടി രൂപയുടെ വ്യത്യാസമുണ്ട്.

അന്നദാന സംഭാവന മുന്‍ വര്‍ഷം 40 ലക്ഷമായിരുന്നത് ഈ മണ്ഡലകാലത്ത് 18 ലക്ഷമായി ഇടിഞ്ഞു. അഭിഷേക ടിക്കറ്റിനത്തില്‍ മുന്‍ വര്‍ഷം 41 ലക്ഷത്തിലേറെ ലഭിച്ചപ്പോള്‍ ഈ വര്‍ഷമത് 20 ലക്ഷമായി കുറഞ്ഞു.

ദേവസ്വം ബോര്‍ഡിന്‍റെ പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പനയിലുണ്ടായ നാല് ലക്ഷത്തിന്‍റെ വരുമാന വളര്‍ച്ച മാത്രമാണ് ഏക ആശ്വാസം. ശബരിമലയില്‍ നിന്നുളള വരുമാനത്തിലുണ്ടായിട്ടുളള വന്‍ കുറവ് ഒരു തരത്തിലും ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് സര്‍ക്കാരും ബോര്‍ഡും വ്യക്തമാക്കുന്നത്.