ദില്ലി: ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം.

ജി 20 ഉച്ചകോടി നടക്കുന്ന ബ്യൂണസ് ഐറിസിലെ സല്‍മാന്‍ രാജകുമാരന്‍റെ താമസ സ്ഥലത്തായിരുന്ന കൂടിക്കാഴ്ച്ച നടന്നത്. സൗദിയുടെ ഈ തീരുമാനം ഇന്ത്യയ്ക്ക് ഏറെ പ്രയോജനകരമാണെന്നാണ് ഈ മേഖലയിലുളള വിദഗ്ധരുടെ നിഗമനം. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 

രാജ്യ സുരക്ഷ, കൃഷി, ഊര്‍ജ്ജം, സംസ്കാരിക രംഗം, സാങ്കേതിക വിദ്യയുടെ വികാസം എന്നീ മേഖലയില്‍ പരസ്പരം സഹകരിക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയിലെത്തി. സൗദി കമ്പനിയായ അരോംകോമിന് ഇന്ത്യയിലെ എണ്ണ സംസ്കരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.