സൗദിയുടെ എണ്ണയിതര വരുമാനം 63 ശതമാനം കൂടി
സൗദിയിൽ എണ്ണയിതര വരുമാനം 63 ശതമാനം കൂടിയതായി ധനമന്ത്രാലയം അറിയിച്ചു രാജ്യത്തിന്റെ പൊതുകടവും കൂടിയിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ പൊതുവരുമാനത്തിൽ 15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
ജനുവരി മുതലുള്ള മൂന്നു മാസത്തിൽ 16626 കോടി റിയാലാണ് പൊതുവരുമാന ഇനത്തിൽ ലഭിച്ചത്. എണ്ണയിതര മേഘലയിൽ നിന്നു ആദ്യ പാദത്തിൽ 5231 കോടി റിയാൽ വരുമാനം ലഭിച്ചു.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 63 ശതമാനം കൂടുതലാണ്. അതേസമയം രാജ്യത്തിൻറെ പൊതുകടം 48365 കോടി റിയാലായി ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൊതുകടത്തിൽ 27740 കോടി റിയാൽ ആഭ്യന്തര കടവും 20625 കോടി റിയൽ വിദേശ കടവുമാണ്. എണ്ണയിതര മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി വിഷൻ 2030 ൽ ഉൾപ്പെടുത്തി വിവിധ പദ്ധതികളാണ് രാജ്യത്തു നടപ്പിലാക്കി വരുന്നത്.
