ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ എസ്ബിഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ഈ മാസം 20നു പണിമുടക്ക് നടത്തും. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷനാണു പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്(എസ്ബഎച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍(എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല(എസ്ബിപി) എന്നീ ബാങ്കുകളിലെ ജീവനക്കാരാണു പണിമുടക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നും നാളെയും ബാങ്കുകള്‍ക്കു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു.