അരവിന്ദ് ഗുപ്ത എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 10,000 രൂപ പിന്‍വലിച്ച തനിക്ക് 2000 രൂപയുടെ അഞ്ച് നോട്ടുകള്‍ ലഭിച്ചുവെന്ന് ഇതിലൊന്നും നോട്ടിന്റെ കളര്‍ കോപ്പിയാണെന്നുമാണ് പരാതി. നിലവാരം കുറഞ്ഞ കടലാസില്‍ അച്ചടിച്ചതായിരുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നു ഇത്. 5DN029593 എന്ന സീരിയല്‍ നമ്പറായിരുന്നു വ്യാജ നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എ.ടി.എമ്മിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബാങ്ക് ശാഖ ഇന്ന് അവധിയായിരുന്നെങ്കിലും അവിടെ ഏതാനും ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരെ സമീപിച്ച് പരാതി പറഞ്ഞപ്പോള്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദ്ദേശിച്ച് മടക്കി അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാരെ സംഘടിപ്പിച്ച് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്. ജലാലാബാദ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും പൊലീസ് സ്റ്റേഷനിലും പരാതിയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ എ.ടി.എമ്മില്‍ ഇത്തരമൊരു നോട്ട് കടന്നുകൂടാന്‍ ഒരു സാധ്യതയുമില്ലെന്ന് ബാങ്ക് മാനേജര്‍ ജെ.പി ചാന്ദല്‍ പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ തന്നെയാണ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നതും. ഒരു വ്യാജനോട്ട് മാത്രമാണ് കിട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. 2000 രൂപയ്ക്ക് വേണ്ടി ബാങ്ക് ജീവനക്കാര്‍ തങ്ങളുടെ ജോലി കളയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
