അക്കൌണ്ട് ഉടമകള്‍ക്ക് പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി എസ്ബിഐ. നിലവില്‍ ഇത് 40,000 രൂപവരെയായിരുന്നു

മുംബൈ: അക്കൌണ്ട് ഉടമകള്‍ക്ക് പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി എസ്ബിഐ. നിലവില്‍ ഇത് 40,000 രൂപവരെയായിരുന്നു. പുതിയ നിയമം ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. മാസ്ട്രോ, ക്ലാസിക്ക് ഗണത്തില്‍പെടുന്ന എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇത് ബാധിക്കുക. ഉയര്‍ന്ന അക്കൌണ്ടുകളായ സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എടിഎം കാര്‍ഡുകള്‍ക്കും കറന്‍റ് അക്കൌണ്ട് ഉടമകള്‍ക്കും ഇത് ബാധകമല്ല.

സേവനനിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇത് മൂന്നായി ചുരുക്കണമെന്ന് എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം പണമില്ലാത്ത എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവില്‍ നിന്നും സേവന നിരക്ക് ഈടാക്കുന്നത് നിര്‍ത്താനുള്ള തീരുമാനം ഇതുവരെ എസ്ബിഐ എടുത്തില്ല. 

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നിയന്ത്രിക്കാനും, പണംരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിലപാട് എന്നാണ് എസ്ബിഐ വ്യക്താക്കുന്നത്. എന്നാല്‍ മറ്റു ബാങ്കുകളൊന്നും പണം പിന്‍വലിക്കുന്ന പരിധി കുറച്ചിട്ടില്ല.