ഏപ്രില്‍ മാസം മുതല്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടും തീരുമാനത്തെ ന്യായീകരിക്കുന്ന നിലപാടാണ് എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ സ്വീകരിച്ചത്. ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ആത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ അത് അപ്പോള്‍ പരിശോധിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. 11 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ വലിയ ബാധ്യതയാണുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ എന്തെങ്കിലും ചാര്‍ജ്ജ് ഈടാക്കിയേ പറ്റൂ. കാര്യങ്ങള്‍ വ്യക്തമായി അപഗ്രഥിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞ എസ്.ബി.ഐ ചെയ്ര്‍പേഴ്സണ്‍, എന്നാല്‍ ജന്‍ധന്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് മിനിമം ചാര്‍ജ്ജ് സൂക്ഷിക്കാത്തതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഗ്രാമ-നഗര പരിധികളില്‍ വെവ്വേറെ മിനിമം ബാലന്‍സ് പരിധിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ണ്ണയിച്ചിരിക്കുന്നത്. ആവശ്യമായ മിനിമം ബാലന്‍സിന്റെ 75 ശതമാനത്തില്‍ കുറവ് തുകയാണ് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ 100 രൂപയും സര്‍വ്വീസ് ചാര്‍ജ്ജുമാണ് ഈടാക്കുക. നേരത്തെ മിനിമം ചാര്‍ജ്ജ് ഇല്ലാത്തതിന് എസ്.ബി.ഐ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയിരുന്നെങ്കിലും 2012 മുതല്‍ ഇത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇതാണ് അടുത്ത മാസം മുതല്‍ വീണ്ടും തുടങ്ങുന്നത്.