തിരുവനന്തപുരം: എസ്ബിടിയുടെ പ്രവര്‍ത്തന ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31 ശതമാനം വര്‍ധന. വര്‍ഷാന്ത്യ അറ്റാദായം 338 കോടിയായി. പലിശച്ചെലവു ചുരുക്കല്‍ നടപടികള്‍ വരും വര്‍ഷവും തുടരുമെന്ന് മാനേജിങ് ഡയറക്ടര്‍ ജീവന്‍ ദാസ് നാരായണ്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

2014-15 കാലയളവില്‍ 1372 കോടിയായിരുന്നു എസ്ബിടിയുടെ പ്രവര്‍ത്തന ലാഭം. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31 ശതമാനം വര്‍ഷാനുപാത വളര്‍ച്ചയോടെ 1798 കോടിയിലെത്തിയത്. സമാന കാലയളവില്‍ അറ്റാദയം രണ്ടു കോടി വര്‍ധിച്ച് 337.73 കോടിയായും ഉയര്‍ന്നു. അസല്‍ പലിശ വരുമാനത്തിലും ഫീ വരുമാനത്തിലുമാണു വളര്‍ച്ചയുണ്ടായത്.

പലിശച്ചെലവു ചുരുക്കുന്നതിനായി വന്‍ നിക്ഷേപങ്ങള്‍ക്കു പകരം ചില്ലറ നിക്ഷേപങ്ങള്‍ അധികമായി സ്വീകരിച്ചതു നേട്ടത്തില്‍ പ്രതിഫലിച്ചു. ചെലവു കൂടിയ വന്‍ നിക്ഷേപങ്ങളില്‍ നാലു ശതമാനത്തിന്റെ കുറവാണുണ്ടായത്. വരും വര്‍ഷവും ഈ നയം തുടരുമെന്ന് എംഡി ജീവന്‍ദാസ് നാരായണ്‍ പറഞ്ഞു. 

ചെറുകിട സംരംഭങ്ങളിലെ വായ്പാ വിതരണ വര്‍ധനയ്ക്കാണു ബാങ്കിന്റെ ഊന്നല്‍. ബാങ്ക് നിക്ഷേപങ്ങളില്‍ ഒരു ലക്ഷം കോടിയെന്ന നാഴികക്കല്ല് നടപ്പു വര്‍ഷമാണ് എസ്ബിടി പിന്നിട്ടത്.