ഓഹരി വിപണിയിൽ റെക്കോര്‍ഡ് നേട്ടം. സെൻസെക്സ് ചരിത്രത്തിലാദ്യമായി 32,000 കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരത്തിലാണ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 18 വർഷത്തെ താഴ്ന്ന നിലയിൽ എത്തിയതാണ് വിപണിയ്ക്ക കരുത്തായത്. ജൂണിൽ 1.54 ശതമാനം മാത്രമാണ് പണപ്പെരുപ്പം. ഇത് നിമിക്കം റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറച്ചേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

പതിനൊന്ന് ദിവസത്തിനിടെ ആയിരം പോയന്‍റാണ് സെൻസെക്സിൽ കൂടിയത്. രാജ്യാന്തര വിപണികളും നേട്ടത്തിലാണ്. പലിശ നിരക്ക് പൊടുന്നനെ ഉയർത്തില്ലെന്ന് അമേരിക്കൻ ഫെഡറൽ റിസവർവ് ചെയർപേഴ്സൻ ജാനറ്റ് യെല്ലൻ സൂചിപ്പിച്ചതാണ് ആഗോള വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം. ഐടിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എം ആൻഡ് എം എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ 11 പൈസയുടെ നേട്ടത്തോടെ 64 രൂപ 43 പൈസയിലാണ് രൂപ.