വ്യവസായ പരിശീലന വകുപ്പും കെയിസും സംയുക്തമായാണ് പട്ടിക തയ്യാറാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ പരിശീലന വകുപ്പിന്‍റെ നേതൃത്വത്തില്‍ നൈപുണ്യം വേണ്ടിവരുന്ന തൊഴിലുകള്‍ ചെയ്യാന്‍ കഴിയുന്നവരുടെ വിപുലമായ വിവരശേഖരണം തയ്യാറാവുന്നു. ഇതിലൂടെ നൈപുണ്യം ആവശ്യം വരുന്ന തൊഴിലാളികളുടെ ലഭ്യത സമൂഹത്തില്‍ എളുപ്പമാക്കാന്‍ കഴിയും.

ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്നവരും നാട്ടില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ചവരുമായ അനേകം ആളുകള്‍ തൊഴില്‍ ലഭ്യമല്ലാതെ വെറുതെ നില്‍ക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാവും. കൊച്ചിയില്‍ നടക്കുന്ന സ്കില്‍ ഇന്ത്യ കേരള 2018 ന്‍റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയിലാണ് സംസ്ഥാന വ്യവസായ പരിശീലന വകുപ്പ് ഡയറക്ടറും കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കെയിസ്) എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എഎസ്. ഇക്കാര്യങ്ങള്‍ അറിയിച്ചത്.

വ്യവസായ പരിശീലന വകുപ്പും കെയിസും സംയുക്തമായി നടത്തുന്ന ഈ ഉദ്യമം കേരള വ്യവസായ സമൂഹത്തിന് ഏറ്റവും അനുയോജ്യമാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യവസായികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നത്. ഇതിലൂടെ നിതാഖത്ത് അടക്കമുളള പ്രശ്നങ്ങളില്‍ കുടുങ്ങി ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെയെത്തുന്നവര്‍ക്ക് ഏറ്റവും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.