ഭൂലഭ്യതയിലെ കുറവുകൊണ്ട് പലയിടങ്ങളിലും വിമാനത്താവള പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. 

ദില്ലി: രാജ്യത്ത് ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ച് വ്യോമഗതാഗതത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇപ്പോഴുളളതുപോലെയുളള വിമാനത്താളങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ പണച്ചെലവും വലിയ തോതില്‍ ഭൂമിയും ആവശ്യമാണ്. ഭൂലഭ്യതയിലെ കുറവുകൊണ്ട് പലയിടങ്ങളിലും വിമാനത്താവള പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. 

ചെറുകിട വിമാനത്താവള പദ്ധതികളിലൂടെ ഇതിന് വലിയ പരിഹാരം കാണാനാണ് സര്‍ക്കാരിന്‍റെ ആലോചന. ചെറുകിട വിമാനത്താവളങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ മാത്രമാവും മുതല്‍മുടക്ക് വരുക. സ്ഥലവും കുറച്ച് മതിയാവും. ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

ആഭ്യന്തര വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത് വഴി സാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ നിഗമനം. ചെറുകിട വിമാനത്താവളങ്ങളുടെ വരവോടെ കൂടുതല്‍ വ്യോമയാന സര്‍വ്വീസുകള്‍ ആരംഭിക്കാനും. ആകാശയാത്രകളുടെ ചെലവ് വലിയ തോതില്‍ കുറയ്ക്കാനുമാവും.