Asianet News MalayalamAsianet News Malayalam

നാളെ മുതല്‍ എസ്.ബി.ടി ഇല്ല; ഇന്ന് അവസാന പ്രവൃത്തി ദിനം

state bank merger to came into force tomorrow onwards
Author
First Published Mar 31, 2017, 5:08 AM IST

കേരളത്തിന്‍റെ സ്വന്തം ബാങ്കായ എസ്.ബി.ടിക്ക് ഇനി ഒരു ദിവസത്തെ ആയുസ് മാത്രം. ഏപ്രില്‍ ഒന്നിന് എസ്.ബി.ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ലയത്തിന് ശേഷമുള്ള നടപടിക്രമങ്ങളെക്കുറിച്ച് എസ്.ബി.ടി ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയുണ്ട്
  
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ആരംഭിച്ച് 72 വര്‍ഷം പ്രവര്‍ത്തന നിരതമായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കാലയവനികയിലേക്ക് മറയുകയാണ്. എപ്രില്‍ ഒന്ന് മുതല്‍ എസ്.ബി.ടി ബോര്‍ഡുകളില്‍ എസ്.ബി.ഐ എന്ന് തെളിയും. ഒപ്പം 1,177 ബ്രാഞ്ചുകളും 14,195 ജീവനക്കാരും ലക്ഷക്കണക്കിന് ഉപഭോക്താക്കളും എസ്.ബി.ഐയില്‍ ലയിക്കും. ലയനത്തിന് ശേഷം ഒരറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ ബാങ്കില്‍ തന്നെ ഓണ്‍ലൈന്‍ ഇടപാട് നടത്തണമെന്ന അറിയിപ്പ് എസ്.ബി.ടി ഉപഭോക്താക്കളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. തസ്തിക വെട്ടിക്കുറച്ചേക്കുമോ എന്ന ആശങ്ക ജീവനക്കാര്‍ക്കിടയിലും നിലനില്‍ക്കുന്നു.

രേഖകളില്‍ എസ്.ബി.ടി എന്നത് എസ്.ബി.ഐ ആകുമെന്നത് ഒഴിച്ചാല്‍ ലയനം ഇടപാടുകാരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചു. എസ്.ബി.ടിയുടെ ചെക്ക് ബുക്കും എ.ടി.എം കാര്‍ഡും തുടര്‍ന്നും ഉപയോഗിക്കാം. മൂന്ന് മാസത്തിനുള്ളില്‍ ഇവ മാറ്റിനല്‍കും. 23 ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും കൃത്യത വന്നേക്കും. ഏപ്രില്‍ ഒന്ന് മുതല്‍ എസ്.ബി.ടിയുടെ മാനേജിങ് ഡയറക്ടര്‍, എസ്.ബി.ഐയുടെ ചീഫ് ജനറല്‍ മാനേജരായി മാറും. തിരുവനന്തപുരം പൂജപ്പുരയിലുള്ള എസ്.ബി.ടിയുടെ ആസ്ഥാന മന്ദിരം എസ്.ബി.ഐ കേരള സര്‍ക്കിള്‍ ആസ്ഥാനമാകും. വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബാങ്ക് തുറക്കില്ല. ഞായറാഴ്ചയും അവധിയാണ്. തിങ്കാളാഴ്ച മുതല്‍ എസ്.ബി.ടി ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി എസ്.ബി.ഐ ഓഫീസിലേക്കെത്തുന്നതിന് ചരിത്രം സാക്ഷിയാകും.

Follow Us:
Download App:
  • android
  • ios