കര്‍ഷക പ്രതിഷേധം ശമിപ്പിക്കാന്‍ വായ്പകള്‍ എഴുതിത്തള്ളാനുള്ള ബിജെപി സര്‍ക്കാരുകളുടെ നീക്കത്തിന് തിരിച്ചടി. വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്രം സഹായിക്കില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന മഹാരാഷ്‍ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അടുത്തിടെ വലിയതോതിലുള്ള കാര്‍ഷിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ദേശീയ തലത്തില്‍ ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്‍ട്ര , ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. മഹാരാഷ്‍ട്രയ്‍ക്ക് ഈയിനത്തില്‍ ഒന്നേകാല്‍ ലക്ഷം കോടി രൂപയും മധ്യപ്രദേശ് സര്‍ക്കാരിന് 36,000 കോടി രൂപയുംകണ്ടെത്തണം. ഈ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉറപ്പ് നല്‍കി. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടാവില്ലെന്നാണ് ധനകാര്യമന്ത്രി അരൂണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയത്.

ഇതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദിലീപ് മിശ്ര നടത്തിയ പ്രസ്താവനയും വന്‍ വിവാദത്തിന് തിരികൊളുത്തി. ഭാവിയില്‍ സത്ന ജില്ലയിലെ കര്‍ഷകര്‍ സര്‍ക്കാരിന് നേരെ നിറയൊഴിക്കുമെന്നായിരുന്നു പൊതുവേദിയില്‍ നടത്തിയ പ്രസ്താവന.അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മാന്‍സോര്‍ ജില്ലിയിലെ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും.