കൊച്ചി: ഓഹരി വിപണിയിലെ റെക്കോഡ് നേട്ടം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,100 കടന്നു. സെന്‍സെക്‌സ് 32,600ന് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ക്കൊപ്പം വിദേശ നിക്ഷേപം വന്‍ തോതില്‍ എത്തുന്നതാണ് വിപണിയുടെ കുതിപ്പിന് ഊര്‍ജ്ജം നല്‍കുന്നത്. ബിഹാറില്‍ ജെഡിയുബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതും വിപണിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചു. 2017ല്‍ ഇതുവരെ 2,500 കോടി ഡോളറിലധികം വിദേശ നിക്ഷേപം ഇന്ത്യന്‍ വിപണിയിലെത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തത്കാലം പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന പ്രഖ്യാപനമാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് വരുത്താതത്. ഏഷ്യന്‍ വിപണികളെല്ലാം മികച്ച നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ചില ബ്ലൂ ചിപ്പ് കമ്പനികളുടെ ആദ്യപാദ ഫലം പ്രതീക്ഷിച്ചതിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും വിപണിയുടെ കുതിപ്പിന് പിന്നിലുണ്ട്. എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, എസ്ബിഐ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ആദ്യപാദ ഫലത്തില്‍ 17 ശതമാനം ഇടിവ് നേരിട്ടെങ്കിലും വിദേശ ബ്രോക്കറിംഗ് ഏജന്‍സി പ്രൈസ് ടാര്‍ഗറ്റ് ഉയര്‍ത്തിയതാണ് എച്ച്ഡിഎഫ്‌സിയുടെ കുതിപ്പിന് ആധാരം. നാല് ശതമാനത്തോളം നേട്ടമാണ് എച്ച്ഡിഎഫ്‌സി ഓഹരി വിലയില്‍ ഇന്ന് നേടിയിരിക്കുന്നത്. അതേസമയം ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 25 പൈസ നേട്ടത്തോടെ 64 രൂപ 11 പൈസയിലാണ് രൂപയുടെ വിനിമയം.