നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്‍റാണ് സുധാ ബാലകൃഷ്ണന്‍

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) വൈസ് പ്രസിഡന്‍റ് സുധാ ബാലകൃഷ്ണനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചു. മൂന്ന് വര്‍ഷമായിരിക്കും സുധയുടെ കാലാവധി. ആര്‍ബിഐയുടെ 12 മത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായിട്ടാണ് സുധാ ബാലകൃഷ്ണനെത്തുന്നത്. 

ഉര്‍ജ്ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുളള ആദ്യ ഉന്നത പദവി മാറ്റമാണിത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍, സര്‍ക്കാരിന്‍റെ പണ അടവുകള്‍, നികുതി പിരിവ് എന്നിവയുടെ ചുമതല ഇനിമുതല്‍ സുധയ്ക്കായിരിക്കും. ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് കൈകാര്യം ചെയ്യുക, വിദേശത്തും ഇന്ത്യയിലുമുളള റിസര്‍വ് ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ ഇനിമുതല്‍ സുധയാവും നിര്‍വഹിക്കുക.