30 മരുന്നുകള്‍ ചേര്‍ത്താണ് ഈ ആയുര്‍വേദം ഔഷധകൂട്ട് തയ്യാറാക്കിയിരിക്കുന്നത് ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ സ്ത്രീകൾക്ക് ശുപാര്‍ശ ചെയ്യുന്ന ഔഷധമാണ് സുകുമാര ലേഹം.  

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഔഷധമാണ് സുകുമാരലേഹം. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന ഔഷധം.

സ്ത്രീകളുടെ ആരോഗ്യം മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്തിട്ടുള്ള സുകുമാരലേഹത്തില്‍ മുപ്പത് ഔഷധദ്രവ്യങ്ങള്‍ ചേരുന്നു. തവിഴാമ ഒരു പ്രധാന ചേരുവയാണ്. ദശമൂലം, അമുക്കുരം, ശതാവരി, ആവണക്ക് എന്നിങ്ങനെ പ്രധാനപ്പെട്ട വേറെയും ദ്രവ്യങ്ങളുണ്ട്.

ആദ്യം മരുന്നുകെളല്ലാം കഴുകി വൃത്തിയാക്കി നുറുക്കി കഷായമുണ്ടാക്കുന്നു. കഷായം അരിച്ചെടുത്ത ശേഷം ശര്‍ക്കര ചേര്‍ക്കുന്നു. പിന്നീടിത് വാക്വം കോണ്‍സന്‍ട്രേറ്ററില്‍ കുറുക്കി എടുക്കുന്നു.കുറുക്കിയെടുത്ത മിശ്രിതം വലിയ പാത്രങ്ങളില്‍ വെച്ച് ആവണക്കെണ്ണയും മരുന്നുകള്‍ പൊടിച്ചെടുത്തതും ചേര്‍ക്കുന്നു. ഇതോടെ മരുന്ന് നിര്‍മാണ പ്രക്രിയ പൂര്‍ത്തിയാകുന്നു.

ഗുണനിലവാരപരിശോധനയ്ക്ക് ശേഷം പായ്ക്ക് ചെയ്ത് വിപണിയിലേയ്ക്കയയ്ക്കുന്നു. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ഔഷധമാണ് സുകുമാരലേഹം. ഇതോടൊപ്പം ക്രമം തെറ്റിയ ആര്‍ത്തവം നേരെയാക്കാനും സ്ത്രീകളുടെ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും സുകുമാരലേഹം ഉപയോഗിക്കുന്നു. ഇതിനു പുറമേ ഉദരസംബന്ധമായ ചില രോഗങ്ങള്‍ക്കും ഹേര്‍ണിയയുടെ ചില പ്രതേ്യക ഘട്ടങ്ങളിലും സുകുമാരലേഹം ഉപയോഗിയ്ക്കാറുണ്ട്.