ദില്ലി: നോട്ടു നിരോധനത്തെത്തുടർന്ന് ആദായ നികുതി വകുപ്പ് 9 ലക്ഷം അക്കൗണ്ടുകളെ സംശയിക്കാവുന്നവ എന്ന പട്ടികയിൽ ഉൾപ്പെടുത്തി. ഐടി വിഭാഗം പരിശോധിച്ചുവരുന്ന 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നാണ് ഇവയെ സംശയകരം എന്ന പട്ടികയിൽ വന്നിരിക്കുന്നത്. മാർച്ച് 31നു ശേഷം ഈ അക്കൗണ്ട് ഉടമകൾക്കെതിരേ നടപടി തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. 

ഓപ്പറേഷൻ ക്ലീൻ മണി എന്ന പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം അക്കൗണ്ട് ഉടമകൾക്ക് എസ്എംഎസ് മുഖേനയും ഇ മെയിൽ മുഖേനയും നേരത്തെ അറിയിപ്പ് നൽകിയിരുന്നു. നോട്ട് നിരോധന കാലത്തെ 50 ദിവസങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപം വന്ന അക്കൗണ്ടുകളാണ് വകുപ്പ് പരിശോധിച്ചത്. 

ഫെബ്രുവരി 15നകം നിക്ഷേപം സംബന്ധിച്ചു വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. തൃപ്തികരമായ വിശദീകരണത്തിന്‍റെ പിൻബലമില്ലാത്ത തുക കണക്കിൽപ്പെടാത്തതെന്നോ കള്ളപ്പണമെന്നോ കരുതേണ്ടി വരുമെന്നും ആദായനികുതിവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

ഇപ്പോൾ അയച്ചിരിക്കുന്ന ഇ മെയിൽ, എസ്എംഎസ് എന്നിവയ്ക്കു നിയമപരമായ പിൻബലമില്ലാത്തതിനാൽ സംശയകരമായ പട്ടികയിൽ ഉൾപ്പെട്ടവർക്കു നിയമപ്രകാരമുള്ള നോട്ടീസ് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഡിപ്പാർട്ട്മെന്‍റ്. മാർച്ച് 31 വരെ കാത്തിരുന്ന ശേഷം തുടർനടപടി സ്വീകരിക്കും.