തമിഴ്നാട്ടിലെ 10.75 ലക്ഷം കർഷകർക്കായി ഈ വർഷം ആറായിരം കോടി രൂപ കാർഷികവായ്പ നൽകുമെന്നായിരുന്നു സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപനം. തമിഴ്നാട്ടിലെ 4473 കാർഷികസഹകരണസംഘങ്ങൾ വഴിയാണ് ഈ വായ്പാത്തുക വിതരണം ചെയ്തുവന്നിരുന്നത്. 

കേന്ദ്രസർക്കാ‍ർ നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ചതോടെ വായ്പാത്തുക നൽകുന്നതും സബ്സിഡി അനുവദിക്കുന്നതും പൂ‍ർണമായും നിലച്ചു. കാവേരിനദീജലപ്രശ്നം മൂലം പൊറുതിമുട്ടുന്ന തമിഴ്നാട്ടിലെ കർഷകർക്ക് ഈ സീസണിൽ വിതയ്ക്കാനുള്ള വിത്തിനോ വളത്തിനോ പോലും പണമനുവദിയ്ക്കാനാവാത്ത അവസ്ഥയായി. 

ഈ സാഹചര്യത്തിലാണ് സഹകരണപ്രതിസന്ധി ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ പുതിയ ഉത്തരവ്
പുറത്തിറക്കിയത്. സഹകരണസംഘങ്ങൾ വഴി കാർഷികവായ്പ നൽകുന്നത് തുടരാനാണ് സർക്കാർ തീരുമാനം. ഇതിനായി സഹകരണസംഘങ്ങളിലെ അക്കൗണ്ടുകൾക്ക് പകരം കർഷകർ ജില്ലാ സഹകരണബാങ്കുകളിൽ KYC ചട്ടങ്ങൾ പ്രകാരം പുതിയ ഒരു അക്കൗണ്ട് തുടങ്ങണം.

ആർബിഐ ചട്ടങ്ങളനുസരിച്ച് പുതിയ അക്കൗണ്ടിൽ നിന്ന് ഒരാഴ്ച 25000 രൂപ വരെ കർഷകർക്ക് പിൻവലിയ്ക്കാം. കാർഷികസബ്സിഡികളുൾപ്പടെയുള്ളവ നൽകുന്നതും ജില്ലാ സഹകരണബാങ്കുകളിലെ ഈ പുതിയ അക്കൗണ്ടുകൾ വഴിയാകും. ഈ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി സംസ്ഥാനത്തെ
സഹകരണമേഖലയ്ക്ക് 3000 കോടി രൂപ അനുവദിയ്ക്കണമെന്ന് തമിഴ്നാട് കേന്ദ്രധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.