ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് ഡാറ്റയും കോളുകളും     സൗജന്യമായി നല്‍കുന്നത്. 

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ സൗജന്യ സേവനം നല്‍കി ടെലികോം കമ്പനികള്‍. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് ഡാറ്റയും കോളുകളും സൗജന്യമായി നല്‍കുന്നത്.

20 മിനുട്ട് സൗജന്യ കോളുകളാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. എല്ലാദിവസവും ബിഎസ്എന്‍ നമ്പറുകളിലേയ്ക്കും മറ്റ് നെറ്റ്വര്‍ക്കുകളിലേയ്ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേയ്ക്ക് സൗജന്യ ഡാറ്റയും എസ്എംഎസ് സേവനവും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിയ സെല്ലുലാർ പ്രീപെയ്ഡ് വരിക്കാർക്ക് പത്ത് രൂപ അധിക ടോക്ടൈമാണ് സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150# ഡയല്‍ചെയ്യണം. ഒരു ജി.ബി സൗജന്യ ഡാറ്റയും ഐഡിയ നല്‍കുന്നുണ്ട്. ഏഴ് ദിവസമാണ് സൗജന്യ ഡാറ്റയുടെ കാലാവധി. ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ അടക്കാനുള്ള കാലാവധി നീട്ടി.

പരിധിയില്ലാത്ത കോളുകൾ, ഡാറ്റ, എസ്എംഎസ് എന്നിവയയാണ് റിലയൻസല് ജിയോ നല്‍കുന്നത്. ഇതിന്റെ കാലാവധി ഒരാഴ്ചയാണ്. വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 30 രൂപയും അധിക ടോക്ടൈമും ഒരു ജിബി സൗജന്യ ഡാറ്റയും നല്‍കും. ഇതിനായി 144 ലേയ്ക്ക് CREDIT എന്ന് എസ്എംഎസ് അയയ്ക്കുകയോ *130*1# ഡയല്‍ ചെയ്യുകയോ ചെയ്യുക. വോഡാഫോണ്‍ പോസ്റ്റ് പെയ്ഡ് ബിൽ അടക്കാനുള്ള കാലാവധി നീട്ടി. 

എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 30 രൂപയുടെ സൗജന്യ ടോക്ടൈമാണ് നല്‍കുന്നത്. ഏഴ് ദിവസം കാലാവധിയിൽ ഒരു ജിബി ഡാറ്റയും സൗജന്യമാണ്. ഇന്നുമുതൽ 19 വരെ എയർ ടു എയർടെൽ ലോക്കൽ/എസ്ടിഡി കോളുകളും സൗജന്യമാണ്. കൂടാതെ എയർടെൽ പോസ്റ്റ് പെയ്ഡ്, ഹോം ബ്രോഡ് ബ്രാൻഡ് ഉപഭോക്താക്കൾക്ക് ബിൽ അടക്കാനുള്ള കാലാവധിയും നീട്ടി. ഇതുമൂലം സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിൽ എയർടെൽ സേവനം ലഭ്യമാക്കും. വൈഫൈ, കോൾ സേവനം എന്നിവ നൽകും. കൂടാതെ എയർടെൽ സ്റ്റോറുകളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളിൽ സേവനം ലഭ്യമാണ്.